പാർക്കുകളുടെ ഗ്രാമമായി പായം
1487031
Saturday, December 14, 2024 6:21 AM IST
ഇരിട്ടി: പായം പഞ്ചായത്ത് ഇനി മുതൽ പാർക്കുകളുടെ ഗ്രാമമാകുന്നു. പൊതുജന കൂട്ടായ്മയിലും വിവിധ സംഘടനകളുടെ സഹായത്തോടെയും വലുതും ചെറുതുമായ ഒരു ഡസൻ പാർക്കുകളാണ് പായം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ പ്രവർത്തിക്കുന്നത്.
തലശേരി-മൈസൂർ അന്തർസംസ്ഥാന പാതയിൽ ഇരിട്ടി മുതൽ കൂട്ടുപുഴ വരെയുള്ള പ്രധാന റോഡ് കടന്നുപോകുന്നത് പായം പഞ്ചായത്തിലൂടെയാണ് പാതയോരത്തെ കാടുപിടിച്ച് , മാലിന്യം നിറയുന്ന സ്ഥലങ്ങളിലാണ് ചെറിയ പാർക്കുകളും വിശ്രമ സംവിധാങ്ങളും ഒരുക്കി മാലിന്യ മുക്തമാക്കി പഞ്ചായത്ത് മാറ്റുന്നത്. ജനങ്ങളിൽ ശുചിത്വ ബോധം വളർത്തുന്നതിനുള്ള ശ്രമകരമായ ജോലിയാണ് പഞ്ചായത്ത് നിർവഹിക്കുന്നത്.
11-ാം പാർക്ക് കല്ലുമുട്ടിയിൽ
പായം പഞ്ചായത്തിലെ 11-ാത്തെ പാർക്ക് പുഴയോരം ഹരിതാരാമം കഴിഞ്ഞദിവസമാണ് ജനങ്ങൾക്കായി തുറന്നുകൊടുത്തത്. കല്ലുമുട്ടിയിൽ തലശേരി-വളവുപാറ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി കെഎസ്ടിപി നിർമിച്ച പാർക്ക് കാടുകയറി മാലിന്യം നിറഞ്ഞ സ്ഥലം വെട്ടിത്തെളിച്ച് ചെടികളും ഇരിപ്പിടങ്ങളും ഒരുക്കിയാണ് പാർക്ക് നിർമിച്ചിരിക്കുന്നത്.
പഴശി പദ്ധതിയുടെ തീരത്ത് പാർക്ക് ഒരുക്കുന്നതും പരിപാലനവും ഹരിതകർമ സേനയാണ്. ഇരിട്ടി പാലത്തിനു സമീപം ഗ്രീൻലീഫ് നിർമിച്ച് പരിപാലിക്കുന്ന മനോഹരമായ പാർക്ക് പഞ്ചായത്ത് സംഘടനകളുമായി കൈകോർത്ത് പാർക്കുകൾ നിർമിക്കുന്നതിന് മറ്റൊരു ഉദാഹരണമാണ്.
മൂസാൻ പീടികയിയിലും കുന്നോത്തും കച്ചേരിക്കടവ് പാലത്തിന് സമീപം എൻഎസ്എസ് നിർമിച്ച പാർക്കുകൾ ഹരിതകർമ സേനയും ഓട്ടോറിക്ഷ തൊഴിലാളികളും തുടങ്ങി വിവിധ സംഘടനകൾ ഏറ്റെടുത്ത് പരിപാലിച്ചു പോരുന്നു.
ഒരുമ റെസ്ക്യൂ ടീം
വള്ളിത്തോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുമ റെസ്ക്യൂ ടീം പായം പഞ്ചായത്തിലെ വള്ളിത്തോടിലും പരിസരങ്ങളിലുമായി "ഒരുമ ചില്ല' എന്നപേരിൽ നാലു പാർക്കുകളാണ് നിർമിച്ചിരിക്കുന്നത്. വള്ളിത്തോട് മാർക്കറ്റിനുള്ളിൽ രണ്ടും അന്തർസംസ്ഥാന പാതയിൽ ഫെഡറൽ ബാങ്കിന് സമീപവും എഫ്എച്ച്സിക്ക് സമീപവുമാണ് മാറ്റുരണ്ട് പാർക്കുകൾ.
അഞ്ചാമത്തെ പാർക്കിന്റെ പ്രവൃത്തികൾ ആനപ്പന്തി കവലയ്ക്കു സമീപം പൂർത്തിയായതായി ഒരുമയുടെ സാരഥിയും പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർമാനുമായ മുജീബ് കുഞ്ഞിക്കണ്ടി പറയുന്നു. കൂടാതെ വഴിയോരത്ത് ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിയും എൻഎസ്എസ് കുട്ടികൾ നിർമിച്ച പാർക്കുകളുടെ പരിപാലനവും ഒരുമ ഏറ്റെടുക്കുന്നുണ്ട്. "അഴുക്കിൽ നിന്നു് അഴകിലേക്ക്' എന്ന പേരിൽ ഒരുമ ആരംഭിച്ച പദ്ധതിക്ക് ജില്ലാതലത്തിലുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്.
ഇരിട്ടി ഇക്കോ പാർക്കും
ജബാർക്കടവ്
സ്നേഹാരാമവും
പെരുമ്പറമ്പിലെ ഇരിട്ടി ഇക്കോ പാർക്ക് ഇന്ന് സന്ദർശകരുടെ ഇഷ്ട താവളമാണ്. പായം പഞ്ചായത്തിൽ സ്ഥിചെയ്യുന്ന പാർക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണ്. ജില്ലയുടെ ഹരിത ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഇരിട്ടി ഇക്കോ പാർക്ക്. ജില്ലയുടെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി ഒരുകോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് ഇരിട്ടി ഇക്കോ പാർക്കിൽ നടന്നുകൊണ്ടിരിക്കുന്നത്.
പഴശി പദ്ധതിയോട് ചേർന്ന് ജബാർക്കടവിൽ ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച പാർക്ക് ഹരിത ടൂറിസം പദ്ധതിയിലേക്ക് നിർദേശിക്കപ്പെട്ട പാർക്കുകൂടിയാണ്. നിരവധി ആളുകളാണ് വൈകുന്നേരങ്ങളിൽ ചെറുതും വലുതുമായ പാർക്കിൽ വൈകുന്നേരങ്ങളിൽ കുടുംബസമേതം എത്തുന്നത്.