വിശ്വാസത്തിന്റെ നക്ഷത്രദീപം തെളിച്ച് ദിവ്യകാരുണ്യവർഷം
1487602
Monday, December 16, 2024 6:36 AM IST
സ്വന്തം ലേഖകൻ
ചിറ്റാരിക്കാൽ: മലബാറിന്റെ കുടിയേറ്റമേഖലയിൽ വിശ്വാസത്തിന്റെ വേരുകൾ എത്രത്തോളം ആഴത്തിലാണ് പതിഞ്ഞിട്ടുള്ളതെന്ന് ഒരിക്കൽകൂടി ബോധ്യപ്പെടുത്തുന്നതായിരുന്നു തോമാപുരത്തു നടന്ന തലശേരി അതിരൂപതയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സംഘാടനവും ജനപങ്കാളിത്തവും. 1964 ൽ മുംബൈയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിനു ശേഷം സിറോ മലബാർ സഭയ്ക്കു കീഴിൽ ഇത്രയും വിപുലമായ രീതിയിൽ ദിവ്യകാരുണ്യ കോൺഗ്രസ് സംഘടിപ്പിച്ചത് ആദ്യമായിട്ടാണ്. അതിനു വേദിയാകാൻ അതിരൂപതയുടെ പരിധിയിൽ താരതമ്യേന വലിയ നഗരങ്ങളുണ്ടായിട്ടും ചിറ്റാരിക്കാൽ തോമാപുരത്തെ തെരഞ്ഞെടുത്തത് കുടിയേറ്റ ജനതയ്ക്കുള്ള അംഗീകാരമായിരുന്നു. സംഘാടകരുടെ പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന തരത്തിൽ ആദ്യദിനം മുതൽ ഒഴുകിയെത്തിയ ജനസഞ്ചയം ആ വിശ്വാസത്തിന് അടിവരയിടുകയായിരുന്നു.
ക്രിസ്മസിന് തൊട്ടുമുമ്പ് നക്ഷത്രങ്ങൾ മണ്ണിലേക്കിറങ്ങിവന്ന പ്രതീതിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ചിറ്റാരിക്കാലിൽ കണ്ടത്. ജാതിമത വ്യത്യാസമില്ലാതെ നാട്ടുകാരും വ്യാപാരിസമൂഹവും തൊഴിലാളികളുമെല്ലാം ഒരേ മനസോടെ ദിവ്യകാരുണ്യ കോൺഗ്രസിനെ ഏറ്റെടുക്കുകയായിരുന്നു. വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കുമെല്ലാം മുന്നിൽ വിവിധ വർണങ്ങളിലുള്ള നക്ഷത്രങ്ങളും ദീപങ്ങളും തെളിഞ്ഞു. സമാപനത്തോടനുബന്ധിച്ച് ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കുമ്പോൾ ചിറ്റാരിക്കാൽ കിഴക്കൻകാവ് കിരാതേശ്വര ക്ഷേത്രപരിസരത്ത് മൺചിരാതുകളും ദീപങ്ങളും തെളിച്ചുവച്ചിരുന്നു. ലൈവ് എക്സിബിഷനിൽ യേശുക്രിസ്തുവിന്റെ കുരിശാരോഹണവുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്കാരം അവതരിപ്പിച്ചത് ചിറ്റാരിക്കാലിലെ ചുമട്ടുതൊഴിലാളികളാണ്.
കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയും എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിയും മികച്ച സംഘാടനത്തിലൂടെ പരിപാടി വിജയകരമാക്കാൻ സംഘാടകസമിതിക്ക് കഴിഞ്ഞു. ചിറ്റാരിക്കാലിന് ഉൾക്കൊള്ളാവുന്നതിലധികം ജനസഞ്ചയവും വാഹനങ്ങളും ഒഴുകിയെത്തിയപ്പോഴും എല്ലാവർക്കും ഇരിപ്പിടവും കുടിവെള്ളവും മുതൽ ആവശ്യമുള്ളവർക്ക് മെഡിക്കൽ സഹായവും താമസസൗകര്യവും വരെ ഉറപ്പുവരുത്താനായി. നാട്ടുകാരുടെ മനസുനിറഞ്ഞ സഹായത്തോടെ വാഹന പാർക്കിംഗിന് സ്വകാര്യ സ്ഥലങ്ങളിലുൾപ്പെടെ ഇടംകണ്ടെത്തി.
സമാപനത്തോടനുബന്ധിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം ചിറ്റാരിക്കാൽ ടൗണിനെ ജനസാഗരമാക്കിയപ്പോഴും പരാതികൾക്കിടയില്ലാത്ത വിധം ഗതാഗത ക്രമീകരണങ്ങൾ ഉറപ്പുവരുത്തി. തോമാപുരം, വെള്ളരിക്കുണ്ട്, മാലോം, ചെറുപുഴ ഫൊറോനകൾ സംയുക്തമായാണ് സംഘാടനച്ചുമതല നിർവഹിച്ചത്. തോമാപുരം ഫൊറോന വികാരി റവ.ഡോ.മാണി മേൽവെട്ടം ജനറൽ കൺവീനറും മാലോം, വെള്ളരിക്കുണ്ട്, ചെറുപുഴ ഫൊറോന വികാരിമാരായ ഫാ.ജോസഫ് തൈക്കുന്നുംപുറം, റവ.ഡോ.ജോൺസൺ അന്ത്യാംകുളം, ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് എന്നിവർ കൺവീനർമാരുമായ ജനറൽ കമ്മിറ്റിക്കു പുറമേ നാലു ഫൊറോനകളിലെയും ഇടവകാംഗങ്ങളെ ഉൾപ്പെടുത്തിയുള്ള 24 സബ് കമ്മിറ്റികളും 1000 വോളണ്ടിയർമാരും മുഴുവൻ സമയവും പ്രവർത്തനനിരതരായിരുന്നു.
തലശേരി അതിരൂപത ദിവ്യകാരുണ്യവർഷത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് വിശ്വാസികളിൽ ആത്മീയ ഉണർവും ദിവ്യകാരുണ്യത്തിലൂടെ ജീവനും സൗഖ്യവും സാഹോദര്യവും സമാധാനവും ഉണർത്തുകയെന്ന ലക്ഷ്യത്തോടെ ദിവ്യകാരുണ്യ കോൺഗ്രസ് സംഘടിപ്പിച്ചത്. മലയോരമണ്ണിന്റെയും വിശ്വാസികളുടെയും മനസുനിറച്ച നാലു നാളുകൾക്കുശേഷം ശനിയാഴ്ച രാത്രി പത്തോടെ കൊടിയിറങ്ങുമ്പോൾ അക്ഷരാർഥത്തിൽ ഒരു ശാന്തസമുദ്രമായി ദിവ്യകാരുണ്യ വർഷം പെയ്തിറങ്ങിയ പ്രതീതിയായിരുന്നു.
ആംഗ്യഭാഷയിലും
ചിറ്റാരിക്കാൽ: ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപന ദിവസം നടന്ന ദിവ്യബലിയിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നെത്തിയ കേൾവി പരിമിതിയുള്ള നൂറോളം പേർ പങ്കെടുത്തിരുന്നു. അതിരൂപത ബധിരസമൂഹ കൂട്ടായ്മ (ആദം) ഡയറക്ടർ ഫാ. ജോർജ് കളരിമുറിയിൽ വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ പ്രദക്ഷിണ ചടങ്ങുകളും ഇവർക്കായി ആംഗ്യഭാഷയിൽ വിവർത്തനം ചെയ്തു.
ഗായകസംഘം
ചിറ്റാരിക്കാൽ: ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപന ദിവസം നടന്ന ദിവ്യബലിക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ഗാനങ്ങൾ ആലപിച്ചത് പാലാവയൽ സെന്റ് ജോൺസ് പള്ളി വികാരിയും ഗായകനുമായ ഫാ. ജോസ് മാണിക്കത്താഴെയുടെ നേതൃത്വത്തിലുള്ള ഗായകസംഘമാണ്.
തോമാപുരം ഫൊറോനയിലെ വിവിധ ഇടവകകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 35 ഗായകരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇതിൽ മൂന്നുപേർ വൈദികരായിരുന്നു.
ഒറ്റദിവസം കൊണ്ട് സ്കൂള്‍ മൈതാനം
തിരികെ നല്കി വോളണ്ടിയര്‍മാര്‍
ചിറ്റാരിക്കാല്‍: ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ചടങ്ങുകള്‍ ശനിയാഴ്ച രാത്രി വൈകി പൂര്‍ത്തിയായിട്ടും സംഘാടകസമിതി അംഗങ്ങള്‍ക്കും വോളണ്ടിയര്‍മാര്‍ക്കും തിരക്കൊഴിഞ്ഞില്ല.
ഞായറാഴ്ച ഒറ്റ ദിവസം കൊണ്ട് ദിവ്യകാരുണ്യ നഗറിന്റെ പന്തലുകളെല്ലാം അഴിച്ചുമാറ്റി തോമാപുരം സ്കൂള്‍ മൈതാനം ശുചീകരിച്ച് തിരികെ നൽകുന്നതിനുള്ള ശ്രമദാനത്തിലായിരുന്നു ഇന്നലെ വോളണ്ടിയര്‍മാര്‍. ബോര്‍ഡുകളും മറ്റു നിര്‍മിതികളുമെല്ലാം സുരക്ഷിതമായി അഴിച്ചുമാറ്റി.
മൈതാനം വീണ്ടും പഴയപടിയാക്കി വോളണ്ടിയര്‍മാര്‍ മടങ്ങുമ്പോഴേക്കും വൈകുന്നേരമായിരുന്നു.