ഫാസ്റ്റ്ഫുഡ് പാചക മേഖലയിലേക്ക് പുതിയ താരങ്ങള്‍ വരുന്നു
1487304
Sunday, December 15, 2024 6:48 AM IST
പയ്യന്നൂര്‍: ഫാസ്റ്റ് ഫുഡ് കഴിക്കല്‍ പുതുതലമുറക്ക് ആവേശമാണ്. എന്നാൽ അനാരോഗ്യകരമായ വസ്തുക്കള്‍ ഒഴിവാക്കി ഫാസ്റ്റ് ഫുഡ് വീട്ടില്‍ തന്നെ പാചകം ചെയ്യാനും ഫാസ്റ്റ് ഫുഡ് നിര്‍മാണം തൊഴിലാക്കി മാറ്റുന്നതിനുമുള്ള പരിശീലനം കൂടിയായാലോ? ഇതിനുള്ള പരിശീലനമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പയ്യന്നൂര്‍ പുഞ്ചക്കാട് സെന്റ് ജോസഫ്സ് പള്ളിക്കു സമീപം നടന്നുവരുന്നത്.
ഫാസ്റ്റ് ഫുഡ് ഇനങ്ങളായ മന്തിയും ബിരിയാണിയും ഫ്രൈഡ് റൈസും പുലാവും ചില്ലി ചിക്കനും സ്നാക്സും ഭേല്‍പുരിയും പാനീപുരിയും വരെ തയാറാക്കാനുള്ള സൗജന്യ പരിശീലനമാണ് ഇവിടെ നടക്കുന്നത്.
കൂടാതെ ഗോപി മഞ്ജൂരി, നൂഡില്‍സ്, സമൂസ, പപ്പ്സ്, കട്ലറ്റ്, മുളക് ബജി, കിഴങ്ങ് ബജി തുടങ്ങിയവയിലുമാണ് പരിശീലനം. വെളളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (യൂണിയന് ആര് സെറ്റി) നേതൃത്വത്തിലാണ് 18 നും 45നും ഇടയിൽ പ്രായമുള്ളവര്‍ക്ക് വേറിട്ട അന്‍പതോളം വിഭവങ്ങള്‍ തയാറാക്കുന്നതിനുള്ള പരിശീലനം നല്‍കുന്നത്. ഈ പരിശീലനത്തിലൂടെ ഫാസ്റ്റ് ഫുഡ് പാചക മേഖലയിലേക്ക് പുതിയ സംരംഭകര്‍ക്കു കടന്നുവരാനുള്ള സാഹചര്യമൊരുക്കുകയാണ്.
പത്ത് ദിവസത്തെ പരിശീലനത്തിൽ ക്ലാസുകൾ, വിഭവങ്ങള്‍ തയാറാക്കുന്നതിന് പരിശീലനം, ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയാണ് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സൗജന്യമായി നല്‍കിവരുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പരിശീലനം. യൂണിഫോം, പഠന ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍ എന്നിവയും പരിശീലനത്തിനെത്തുന്നവര്‍ക്കുള്ള ഉച്ചഭക്ഷണമുള്‍പ്പെടെ സൗജന്യമാണ്.
എഴുത്തു പരീക്ഷയുള്‍പ്പെടെ പൂര്‍ത്തിയാക്കിയവര്‍ക്ക് അഭിമുഖം നടത്തിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുമുണ്ട്. ഇതോടൊപ്പം സംരംഭം തുടങ്ങുന്നതിന് ആവശ്യമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാനും വായ്പാ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള പരിശീലനവും യൂണിയന് ആര് സെറ്റി നേതൃത്വത്തില്‍ നല്‍കുന്നുണ്ട്.
പരിശീലനം 19ന് സമാപിക്കും. കയ്റോസ് കാഞ്ഞങ്ങാട് മേഖലാ ഫെഡറേഷനാണ് പുഞ്ചക്കാട്ട് നടന്നുവരുന്ന പരിശീലനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഡയറക്ടര്‍ വി.പി. ഗോപി, പരിശീലകരായ സിസ്റ്റർ ലിന്റ ലൂയിസ്, എം. ഷബാന എന്നിവരാണ് ക്ലാസെടുക്കുന്നത്. കെ.വി. പ്രജീഷ്, എം.കെ. രജിഷ, കെ. നിഷ, മരിയ ഗൊരേത്തി, ബിന്‍സി ഷാജി എന്നിവരാണ് നേതൃത്വം നല്കിവരുന്നു.