വഴിവിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങൾ
1486710
Friday, December 13, 2024 5:06 AM IST
ഉളിക്കൽ: മലയോരമേഖലയിലെ പ്രധാന ടൗണുകളിൽ ഒന്നായ ഉളിക്കൽ ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പടെ വഴിവിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. ബസ് സ്റ്റാൻഡ്, ടൗൺ, പഞ്ചായത്ത് ജംഗ്ഷൻ എന്നിവിടങ്ങളിലായി സ്ഥാപിച്ച മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളും മറ്റു തെരുവുവിളക്കുകളും പ്രവർത്തിക്കുന്നില്ല.
വെളിച്ചമില്ലാത്തതു കാരണം രാത്രി കാൽനടയാത്രക്കാർ കടുത്ത ദുരിതത്തിലാണ്. ഇരുട്ട് മറയാക്കിയുള്ള സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. പുലർച്ചെ കോട്ടയം, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നും എത്തുന്ന ദീർഘദൂര ബസിലെ യാത്രക്കാർ ഉൾപ്പെടെ നേരം വെളുക്കുന്നതു വരെ ഇരുട്ടിൽ കഴിയേണ്ട അവസ്ഥയുണ്ട്.
ലൈറ്റുകൾ കത്താത്തത് രാത്രി നഗരത്തിലെത്തുന്നവരുടെ സുരക്ഷയ്ക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയാണ്. ഈ സാഹചര്യത്തിൽ എത്രയും വേഗം വഴിവിളക്കുകൾ കത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ഉടൻ
പ്രവർത്തനക്ഷമമാക്കും: പഞ്ചായത്ത് പ്രസിഡന്റ്
ഉളിക്കൽ ടൗണിലെ വഴിവിളക്കുകൾ ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും ഇതിനായി ഏഴു ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പി.സി. ഷാജി അറിയിച്ചു. ഹൈമാസ്റ്റ് ലൈറ്റുകൾ അറ്റകുറ്റപ്പണി നടത്തുന്ന വിദഗ്ദ്ധതൊഴിലാളികളെ കിട്ടാത്തതാണ് ടൗണിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണിക്ക് കാലതാമസം വരുത്തിയത്. ഇതിനായി കേരള ഇലക്ട്രിക്കൽ ലിമിറ്റഡിനെ (കെഇൽ) ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ ഉടൻ തന്നെ അറ്റകുറ്റപ്പണി നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.