കാർഷിക ഉത്പന്ന സംസ്കരണ കേന്ദ്രം ഉദ്ഘാടനം നാളെ
1487302
Sunday, December 15, 2024 6:48 AM IST
ഇരിട്ടി: ആറളം ഫാമിൽ 1.25 കോടി രൂപ ചെലവിൽ സ്ഥാപിച്ച കാർഷിക ഉത്പന്ന സംസ്കരണ കേന്ദ്രം നാളെ രാവിലെ 9 ന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ അധ്യക്ഷത വഹിക്കും. ഹൈടെക് കൂൺ കൃഷി രണ്ടാം ഘട്ട യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്യും. ഫാമിൽ നിന്നു വിപണിയിൽ എത്തിക്കുന്ന കുൺ അച്ചാർ, കൂൺ ചമ്മന്തിയുടെ എന്നിവയുടെ ലോഞ്ചിംഗും മന്ത്രി നിർവഹിക്കും.
പട്ടിക വർഗ വികസന വകുപ്പിന്റെ സഹായത്തോടെ 45 ലക്ഷം രൂപ മുടക്കിയാണ് സംസ്കരണ കേന്ദ്രം കെട്ടിടം പൂർത്തിയാക്കിയത്. 21.5 ലക്ഷം രൂപ ചെലവിൽ കശുവണ്ടി സംസ്കരണത്തിനുള്ള യന്ത്ര സാമഗ്രികൾ സ്ഥാപിച്ചു. പ്രതിദിനം 125 കിലോ കശുവണ്ടി പരിപ്പ് ഉത്പാദിപ്പിക്കാവുന്ന യന്ത്ര സാമഗ്രഹികളാണ് സ്ഥാപിച്ചിട്ടുള്ളത്. തേൻ സംസ്കരണത്തിനായി 45 ലക്ഷം രൂപയുടെ യന്ത്രങ്ങളും 2.75 ലക്ഷം രൂപ ചെലവിൽ പായ്ക്കിംഗ് യന്ത്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ആറളം ഫാമിൽ പങ്കാളിത്ത കൂൺ പദ്ധതിയുടെ ഭാഗമായി മിലേനിയം അഗ്രി എന്റർപ്രോണർ അവാർഡ് ജേതാവും പുന്നാട് സ്വദേശി രാഹുൽ ഗോവിന്ദന്റെ മൺസൂൺ മഷ്റൂമിന്റെ സഹകരണത്തോടെ നടത്തുന്ന ഹൈടെക് കൂൺ കൃഷിയുടെ രണ്ടാം യൂണിറ്റാണ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. നാളെ വിപണിയിൽ ഇറക്കുന്ന ഉത്പന്നങ്ങളിൽ കൂൺ അച്ചാർ കേരളത്തിൽ ആദ്യമായാണ് വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നത്.
ആദിവാസി മേഖലയിൽ കൂൺ കൃഷിയിൽ മാത്രമല്ല കൂണിന്റെ വില്പനയിൽ കൂടിയും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. 33 ലക്ഷം രൂപയാണ് ഫാമിൽ കൂൺകൃഷിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി വകയിരുത്തിയത്.