തെരുവിൽനിന്ന് ചന്ദ്രപ്പനും ലക്ഷ്മിഅമ്മയും പഞ്ചായത്തിന്റെ സ്നേഹ തണലിലേക്ക്
1487291
Sunday, December 15, 2024 6:48 AM IST
ആലക്കോട്: വർഷങ്ങളായി ആലക്കോട് ബസ്സ്റ്റാൻഡിൽ അന്തിയുറങ്ങിയ ചന്ദ്രപ്പൻ-ലക്ഷ്മിയമ്മ ദമ്പതികൾ സ്നേഹ വീട്ടിൽ ജീവിതം ആരംഭിച്ചു. 22 വർഷം മുമ്പ് ആന്ധ്രയിൽനിന്ന് ആലക്കോട് എത്തിയതായിരുന്നു ചന്ദ്രപ്പനും ലക്ഷ്മി അമ്മയും.
എന്നാൽ വഴിയോരങ്ങളിലും കടവരാന്തകളിലും താമസിച്ചു വന്ന ഇവർ പിന്നീട് ആലക്കോട് ബസ് സ്റ്റാൻഡിനു സമീപത്തായി പ്ലാസ്റ്റിക് കൂര കെട്ടിയാണു ജീവിതം തള്ളിനീക്കിയത്. ഇതിനിടയിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഇവർക്ക് വീട് അനുവദിക്കുന്നതിനായി ഇടപെട്ടു. ആധാർ കാർഡോ മറ്റു രേഖകളോ ഇല്ലാത്തതിനാൽ നിയമപരമായ തടസം നേരിടുകയായിരുന്നു. എന്നാൽ അധികൃതരുടെ നിരന്തരമായ ഇടപെടൽ മൂലം ആധാർ കാർഡും രേഖകളും ഉണ്ടാക്കുകയും തുടർന്ന് പഞ്ചായത്തിന്റെ തന്നെ കീഴിലുള്ള അരങ്ങം സങ്കേതത്തിൽ ഇവർക്ക് വീട് ഒരുക്കുകയായിരുന്നു.
ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് വീടിന്റെ താക്കോൽ കൈമാറി. വൈസ് പ്രസിഡന്റ് പി.സി. ആയിഷ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ. ഖലീൽ റഹ്മാൻ, ജോൺസൺ താരാമംഗലം, പഞ്ചായത്തംഗങ്ങളായ സതി സജി, നിഷാ വിനു, മാത്യു പുതിയേടം, പി.ആർ. നിഷ, പഞ്ചായത്ത് സെക്രട്ടറി എൻ.എൻ. പ്രസന്നകുമാർ, വിഇഒ അഖിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.