രയറോം പാലം തകർച്ചയിൽ
1487598
Monday, December 16, 2024 6:36 AM IST
ആലക്കോട്: ദേശീയപാത കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ വാഹന സഞ്ചാരമുള്ള മലയോര ഹൈവേയിലെ ആലക്കോട്-രയറോം പാലത്തിന്റെ തൂണും അടിക്കെട്ടും കോൺക്രീറ്റ് അടർന്ന് തകർച്ചാ ഭീഷണി നേരിടുന്നു.
1980 കളിൽ പണിതതാണ് പാലം. മലയോര ഹൈവേയിലെ കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.
ദീർഘദൂര ബസുകൾ, ലോറികൾ, ടാങ്കർ ലോറികൾ, കരിങ്കൽ ഉത്പന്നങ്ങൾ നിറച്ച ഭാരവാഹനങ്ങൾ എന്നിവയുടെ നിരന്തര ഓട്ടവും, മഴക്കാലത്ത് കുടക്ക് വനത്തിലെ ഉരുൾപൊട്ടലിൽ ഒഴുകിയെത്തുന്ന മരങ്ങൾ വന്നിടിക്കുന്നതും പാലത്തിന്റെ കോൺക്രീറ്റ് തൂണുകളെ ദുർബലമാക്കി.
പുഴയിലുള്ള തൂണുകളുടെ കോൺക്രീറ്റ് അടർന്ന് തുരുമ്പിച്ച കമ്പികൾ പുറത്തേക്ക് തള്ളിയിട്ടുണ്ട്. മേൽഭാഗത്ത് റോഡിലും കോൺക്രീറ്റ് അടർന്നിട്ടുണ്ട്.
അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയാൽ പാലം കുറേക്കാലംകൂടി സംരക്ഷിക്കാനാകുമെന്ന് നാട്ടുകാർ പറയുന്നത്.
പാലത്തിന്റെ തകർച്ചാഭീഷണി വിദഗ്ധർ പരിശോധിച്ച് അറ്റകുറ്റപ്പണിചെയ്ത് സുരക്ഷിത്വത്വം ഉറപ്പാക്കണമെന്നും യാത്രക്കാരുടെ ജീവൻ അപകടത്തിലാകാൻ കാരണമാകരുതെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.