മലയോര ടൂറിസത്തിന് മുതൽകൂട്ടാകാൻ ചമതച്ചാൽ തടയണയും
1487295
Sunday, December 15, 2024 6:48 AM IST
ചമതച്ചാൽ: ജില്ലയുടെ കിഴക്കൻ മേഖലയിൽ മലയോര വിനോദ സഞ്ചാരത്തിന്റെ ഭാഗമാകാനൊരുങ്ങി പയ്യാവൂർ ചമതച്ചാൽ തടയണയും. ചമതച്ചാൽ-തിരൂർ റോഡിൽ നിലവിലുള്ള തടയണപ്പാലം ഏറെ ജനശ്രദ്ധയാകർഷിക്കുന്നതാണ്. മഴക്കാലത്തിനു ശേഷം ഇവിടെ തടയണയുടെ ഷട്ടറുകളടക്കുമ്പോൾ മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ നിറഞ്ഞു നില്ക്കുന്ന വെള്ളം പുഴയുടെ ഇരുകരകളിലേയും പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ച് നടത്താവുന്ന ജലയാത്രയ്ക്ക് അനുയോജ്യമാണ്.
പുഴയോരങ്ങളിൽ നിലവിലുള്ള പുറമ്പോക്ക് ഭൂമിയിൽ റോഡ്, പാർക്ക്, ശുചിമുറിയടക്കമുള്ള വിശ്രമകേന്ദ്രം എന്നിവ സജ്ജമാക്കിയാൽ മാത്രം മതി സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്താൻ.
കണ്ണൂരിന്റെ മലയോര മേഖലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടം, ശശിപ്പാറ, മതിലേരിത്തട്ട് എന്നിവയുൾപ്പെടുത്തി നടപ്പാക്കുന്ന ടൂറിസം സർക്യൂട്ടിലെ ഒരു പ്രധാന ഇടത്താവളം ചമതച്ചാൽ തടണയായിരിക്കും. ഇവിടെ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് 29 കിലോമീറ്ററും കാഞ്ഞിരക്കൊല്ലി വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് 14 കിലോമീറ്ററുമാണ് ദൂരം.
മലയോര മേഖലയിലെ വിനോദസഞ്ചാരത്തിന് പുത്തനുണർവേകാൻ പരാപ്തമായ ഈ പദ്ധതി എത്രയും വേഗത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ മുഖേന സജീവ് ജോസഫ് എംഎൽഎക്ക് നിവേദനം നൽകിയിട്ടുള്ളതായി ചമതച്ചാലിലെ സാമൂഹിക പ്രവർത്തകരായ സൈമൺ പെരുവക്കുന്നേൽ, തോമസ് മുപ്രാപ്പള്ളിൽ എന്നിവർ പറഞ്ഞു.