കൃഷിക്ക് ആവശ്യമായ വൈദ്യുതി പൂർണമായും സൗജന്യമാക്കണം: കർഷക കോൺഗ്രസ്
1486714
Friday, December 13, 2024 5:06 AM IST
കണ്ണൂർ: ജനങ്ങൾക്ക് അന്നംമൂട്ടാൻ പണിയെടുക്കുന്ന കർഷകർക്ക് വൈദ്യുതി ചാർജ് വർധിപ്പിച്ച ഇടതുപക്ഷ സർക്കാർ വ്യവസായികൾക്ക് ചാർജിൽ 10 ശതമാനം ഇളവ് അനുവദിച്ചത് ഏത് മാനദണ്ഡത്തിലാണെന്ന് കർഷക കോൺഗ്രസ്.
കർണാടകയിലും തമിഴ്നാട്ടിലും കൃഷിക്ക് സൗജന്യമായി വൈദ്യുതി നൽകുമ്പോൾ കേരളം കൃഷി ആവശ്യത്തിനു ഉപയോഗിക്കുന്ന വൈദ്യുതി ചാർജ് വീണ്ടും വർധിപ്പിച്ചിരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് അഴീക്കോട് നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഴിക്കോട് നിയോജകമണ്ഡലത്തിൽ വന്യമൃഗശല്യം കൂടിവരികയാണെന്നും വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ സഹായിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് ജയറാം പള്ളിക്കുളം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ഒ. ചന്ദ്രമോഹനൻ, ഡിസിസി സെക്രട്ടറി ബാലകൃഷ്ണൻ, മഹമൂദ്, ടി. ജയദേവൻ, കെ. ജയപ്രകാശൻ, എം. ദിനേശൻ, നിയോജകമണ്ഡലം പ്രസിഡന്റ് പ്രമോദ് എന്നിവർ പ്രസംഗിച്ചു.