അഭിഭാഷകർ കളക്ടറേറ്റ് മാർച്ച് നടത്തി
1486708
Friday, December 13, 2024 5:06 AM IST
കണ്ണൂര്‍: കണ്ണൂരിന് അനുവദിച്ച ഡിജിറ്റല്‍ കോടതി തലശേരിയിലേക്ക് മാറ്റുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂരിലെ അഭിഭാഷകര്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ കോടതി നടപടികള്‍ ബഹിഷ്കരിച്ച് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
കേരള ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. സി.കെ രത്നാകരന് ഉദ്ഘാടനം ചെയ്തു. നിയമലംഘനത്തെ തുടര്‍ന്നുണ്ടാകുന്ന ഏത് പ്രത്യാഘാതവും നേരിടാന്‍ കണ്ണൂരിലെ അഭിഭാഷക സമൂഹം തയാറാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയത് സി.കെ രത്നാകരന് പറഞ്ഞു.
കണ്ണൂര്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. കസ്തൂരി ദേവന് അധ്യക്ഷത വഹിച്ചു. നൂറോളം അഭിഭാഷകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. കളക്ടറേറ്റിന് മുന്നില്‍ വച്ച് കണ്ണൂരിന് അനുവദിച്ച ഡിജിറ്റല്‍ കോടതി തലശേരിയിലേക്ക് മാറ്റുന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് കത്തിച്ചാണ് പ്രതിഷേധമറിയിച്ചത്. കണ്ണൂര്‍ കോടതി പരിസരത്ത് നിന്നും പ്രതിഷേധ ജാഥയായാണ് അഭിഭാഷകര്‍ കളക്ടറേറ്റിലെക്കെത്തിയത്.
ജി.വി. പങ്കജാക്ഷന്, ബാബുരാജ് കൊലാരത്ത്, ഇ.പി ഹംസക്കുട്ടി, പി.പി. വേണു, സി. കൃഷ്ണന് എന്നിവർ പ്രസംഗിച്ചു.