ചികിത്സ കിട്ടാതെ യുവതി വീട്ടിൽ മരിച്ച സംഭവം: ഭർത്താവ് കസ്റ്റഡിയിൽ
Tuesday, April 8, 2025 12:02 AM IST
മലപ്പുറം: മലപ്പുറത്തിനടുത്ത് ചട്ടിപ്പറന്പ് ഈസ്റ്റ് കോഡൂരിലെ വാടകവീട്ടിൽ പ്രസവത്തിനിടെ ചികിത്സ ലഭിക്കാതെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. അന്പലപ്പുഴ വളഞ്ഞവഴി നീർക്കുന്നം സിറാജ് മൻസിലിലെ സിറാജുദ്ദീനെ (38) യാണ് മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്.
പെരുന്പാവൂർ അറയ്ക്കപ്പടി സ്വദേശി മോട്ടി കോളനിയിൽ കൊപ്പറന്പി വീട്ടിൽ പരേതനായ ഇബ്രാഹിം മുസ്ല്യാരുടെ മകൾ അസ്മ (35) യാണ് അഞ്ചാം പ്രസവത്തിൽ അമിത രക്തസ്രാവത്തെത്തുടർന്ന് മരിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പെരുന്പാവൂർ പോലീസ് കേസെടുത്തിരുന്നു.
തുടർന്ന് പെരുന്പാവൂർ പോലീസ് കേസ് മലപ്പുറം പോലീസിനു കൈമാറിയതോടെയാണ് സിറാജുദ്ദീനെ മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം സിഐ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തു. സിറാജുദ്ദീന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരേ ചുമത്തും.
പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മലപ്പുറം പോലീസ് ഇയാളെ പിടികൂടിയത്. യുവതിയുടെ ബന്ധുക്കൾ കൈയേറ്റം ചെയ്തതിനെത്തുടർന്ന് സിറാജുദ്ദീൻ പെരുന്പാവൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴികുകയായിരുന്നു.
ആശുപത്രിയിൽ പ്രസവിക്കുന്നതിൽ സിറാജുദ്ദീന് കടുത്ത എതിർപ്പാണുണ്ടായിരുന്നതെന്നും ഇതിനാലാണ് അസ്മ പ്രസവത്തിനു ചികിത്സ തേടാതിരുന്നതെന്നും ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് അസ്മ ആണ്കുട്ടിയെ പ്രവസിച്ചത്. സിറാജുദ്ദീനും നാല് ചെറിയ മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. പ്രസവത്തിനു പിന്നാലെ ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിച്ചു.
ആരോഗ്യനില വഷളായ യുവതി മൂന്നു മണിക്കൂർ ജീവനായി പിടയുകയായിരുന്നു. മരണവിവരം അയൽവാസികളെ അറിയിക്കാതെ മൃതദേഹവുമായി ആംബുലൻസിൽ രാത്രിയിൽത്തന്നെ യുവതിയുടെ സ്വദേശമായ പെരുന്പാവൂരിലേക്ക് സിറാജുദ്ദീൻ കൊണ്ടുപോകുകയായിരുന്നു. ഒന്നരവർഷത്തോളം വാടകവീട്ടിൽ താമസിച്ചിട്ടും സിറാജുദ്ദീനും അസ്മയും അയൽവാസികളോടും നാട്ടുകാരോടും അടുപ്പം കൂടാനോ മിണ്ടാനോ താത്പര്യം കാണിച്ചിരുന്നില്ല.
കാസർഗോഡ് ഭാഗത്തെ മസ്ജിദിൽ ഉസ്താദാണെന്നും മതപ്രഭാഷകനാണെന്നും പറഞ്ഞാണ് ഇയാൾ വീട് വാടകയ്ക്കു തരപ്പെടുത്തിയത്. വീട്ടിൽ മന്ത്രവാദവും സിദ്ധചികിത്സയും ഉണ്ടായിരുന്നതായി ആരോപണമുണ്ട്. ചട്ടിപ്പറന്പിലെ വാടകവീട്ടിൽ പോലീസ് ഇന്നലെ പരിശോധന നടത്തി.
അതേസമയം യുവതി മരിച്ചത് അമിത രക്തസ്രാവം മൂലമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. മൃതദേഹം പെരുമാനി എടത്താക്കര ജുമാ മസ്ജിദിൽ കബറടക്കി.