സുരേഷ് ഗോപിക്കു കട്ട് പറയേണ്ടത് ജനങ്ങളെന്നു മന്ത്രി ഗണേഷ്കുമാർ
Tuesday, April 8, 2025 12:02 AM IST
പാലക്കാട്: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ വിമർശനവുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ. സുരേഷ് ഗോപിക്കു കട്ട് പറയേണ്ടതു ജനങ്ങളാണെന്നു ഗണേഷ്കുമാർ പറഞ്ഞു.
സുരേഷ് ഗോപിക്കു കട്ട് പറയാൻ ഞാൻ സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാൽ ജനങ്ങളാണ് കട്ട് പറയേണ്ടത്.
കമ്മീഷണർ എന്ന സിനിമ റിലീസ് ചെയ്തപ്പോൾ കാറിനുപിറകിൽ എസ്പിയുടെ തൊപ്പി സ്ഥിരമായി വച്ചിരുന്നയാളാണു സുരേഷ് ഗോപിയെന്നു ഗണേഷ്കുമാർ പരിഹസിച്ചു.
തൊപ്പി ഗ്ലാസിനു പുറത്തേക്കു കാണുന്ന തരത്തിലായിരുന്നു വച്ചിരുന്നത്. അത്രയേ തനിക്ക് അദ്ദേഹത്തെക്കുറിച്ചു പറയാനുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി ഗണേഷ്കുമാറിനു നേരേ കരിങ്കൊടി
കെഎസ്ആർടിസി ഡിപ്പോയിൽ ഉദ്ഘാടനച്ചടങ്ങിനെത്തിയ മന്ത്രി കെ.ബി. ഗണേഷ്കുമാറിനു നേരേ കരിങ്കൊടി കാണിച്ച് ബിജെപി പ്രവർത്തകർ.
ബസ് സ്റ്റാൻഡിലെ ശൗചാലയം തുറക്കാത്തതടക്കമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പിന്നീട് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.