എം.എ. ബേബിക്ക് സ്വീകരണം നല്കി തലസ്ഥാനത്തെ സിപിഎം പ്രവര്‍ത്തകര്‍
Tuesday, April 8, 2025 12:02 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണമുണ്ടാകുമെന്ന് ആവര്‍ത്തിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം തിരുവനന്തപുരത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ഇന്ത്യയിലെ പാര്‍ട്ടി ഒന്നടങ്കം അണിനിരക്കണമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രധാന പ്രമേയങ്ങളിലൊന്ന്. കേരളത്തിന് അവകാശപ്പെട്ട പണം നല്‍കാതെ സംസ്ഥാനത്തെ സാമ്പത്തികമായി കഴുത്തുഞെരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അതിനെ അതിജീവിച്ച് അഭിമാനകരമായ ബദല്‍ നയങ്ങള്‍ നടപ്പാക്കി ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും കൈവരിക്കാത്ത നേട്ടങ്ങള്‍ കൈവരിച്ചാണ് കേരളം മുന്നോട്ടുപോകുന്നത്. ആ സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പാക്കാന്‍ കഴിയണം. അതിനായി മുഴുവന്‍ ശക്തിയും കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എകെജി സെന്ററിനു മുന്നില്‍ നടന്ന സ്വീകരണ പരിപാടിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മധുരയില്‍ നിന്ന് ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് എം.എ. ബേബി എകെജി സെന്ററിലെത്തിയത്. പൂച്ചെണ്ടുകള്‍ നല്‍കിയും ഷാള്‍ അണിയിച്ചുമാണ് പ്രവര്‍ത്തകര്‍ ബേബിയെ വരവേറ്റത്.
കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്, ജില്ലാ സെക്രട്ടറി വി. ജോയി എംഎല്‍എ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ മന്ത്രി എം. വിജയകുമാര്‍, ഡി.കെ മുരളി എംഎല്‍എ തുടങ്ങിയവര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.
സ്വീകരണത്തിനു ശേഷം എം.എ. ബേബി മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ വീട്ടിലെത്തി സന്ദര്‍ശിച്ചു.