ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി 1.41 കോടി കവര്‍ച്ച; ആസൂത്രകൻ അറസ്റ്റിൽ
Tuesday, April 8, 2025 12:02 AM IST
കടുത്തുരുത്തി: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ വൈദികനില്‍നിന്നും 1.41 കോടിയില്‍ പരം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യ ആസൂത്രകനായ സൗത്ത് ഡല്‍ഹി സ്വദേശിയായ സുബേര്‍ (33) പിടിയില്‍.
മുഖ്യപ്രതി ഇയാളാണെന്ന് തിരിച്ചറിഞ്ഞ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സ്പെഷല്‍ ടീം ഡല്‍ഹിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കേസുമായി ബന്ധപെട്ട് നാലുപേരെ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അന്‍സാരിയെ മഹാരാഷ്ട്രയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഷെയര്‍ ട്രേഡിംഗില്‍ താല്പര്യമുള്ള വൈദികനെ സമൂഹമാധ്യമം വഴി ബന്ധപ്പെട്ട് ആദിത്യ ബിര്‍ള ക്യാപിറ്റല്‍ സ്റ്റോക്സ് ആന്‍ഡ് സെക്യൂരിറ്റി എന്ന പേരില്‍ ആഡ്ബീര്‍ കേപ്പബിള്‍ എന്ന ആപ്ലിക്കേഷന്‍ വൈദികന്റെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യിച്ച് ഇതിലൂടെ ട്രേഡിംഗ് നടത്തുകയായിരുന്നു.
തുടക്കത്തില്‍ ലാഭവിഹിതം നല്കി വിശ്വാസ്യത നേടുകയും പിന്നീട് ഷെയര്‍ ട്രേഡിംഗില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു വൈദികനില്‍ നിന്നും പലതവണകളായി പല അക്കൗണ്ടുകളിലേക്കായി 1,41,86,385 രൂപ വാങ്ങിച്ചെടുക്കുകയായിരുന്നു.
മുടക്കിയ പണവും ലാഭവും കിട്ടാതിരുന്നതിനെത്തുടര്‍ന്ന് വൈദികന് പരാതി നല്‍കുകയായിരുന്നു. പണം കേരളത്തിലെ എടിഎം വഴി പിന്‍വലിച്ച കോഴിക്കോട് സ്വദേശികളായ ഷംനാദ്, മുഹമ്മദ് മിന്‍ഹാജ് എന്നിവരെ ആദ്യം പിടികൂടി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണന്ന് കണ്ടെത്തുകയും ഇവരെ പിടികൂടുന്നതിനായി അന്വേഷണസംഘം രൂപീകരിക്കുകയും സംഘത്തിലെ പ്രധാനി മുഹമ്മദ് ജാവേദ് അന്‍സാരി മഹാരാഷ്ട്ര സ്വദേശിയാണെന്ന് തിരിച്ചറിയുകയുമായിരുന്നു.
ഇയാളുടെ പേരിലുള്ള 12 ബാങ്ക് അക്കൗണ്ടിലേക്കായി 17.50 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഏറ്റുമാനൂര്‍ എസ്ഐ അഖില്‍ദേവ്, കടുത്തുരത്തി സ്റ്റേഷനിലെ സീനിയര്‍ സിപിഒമാരായ ഇ.എ. അനീഷ്, പി. അജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.