ഒഡീഷയിൽ ആക്രമണത്തിനിരയായ വൈദികന്റെ വീട് ജോസ് കെ. മാണി സന്ദർശിച്ചു
Tuesday, April 8, 2025 12:02 AM IST
കുറവിലങ്ങാട്: ഒഡീഷയിൽ സംഘപരിവാർ സംഘടനകൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ബഹറാംപുർ രൂപതയിലെ ജൂബ ഇടവക വികാരിയായ ഫാ. ജോഷി ജോർജിന്റെ കുടുംബ വീട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി സന്ദർശിച്ചു.
തോട്ടുവയിലെ വലിയകുളം കുടുംബാംഗമായ ഫാ. ജോഷി ജോർജിന്റെ സഹോദരൻ ലക്നൗവിൽ പുരോഹിതനായ ഫാ. സാവിയോ വലിയകുളം ആക്രമണത്തിന്റെയും മർദനത്തിന്റെയും വിശദാംശങ്ങൾ ജോസ് കെ. മാണിയെ ധരിപ്പിച്ചു.
പള്ളിയിൽ കയറി പെൺകുട്ടികൾ അടക്കമുള്ളവരെ മർദിക്കുന്നത് ചോദ്യംചെയ്തപ്പോഴാണ് അക്രമികൾക്ക് ഒപ്പം പോലീസും ചേർന്ന് ഫാ. ജോഷി ജോർജിനെയും പള്ളിയിൽ ഉണ്ടായിരുന്നവരെയും ക്രൂരമായി മർദിച്ചത്. പാക്കിസ്ഥാനിൽനിന്നെത്തി മതപ്രചാരണം നടത്തുന്നു എന്നാരോപിച്ചാണ് അക്രമികൾ അഴിഞ്ഞാടിയത്.
പള്ളിയിൽനിന്നു തൊട്ടടുത്ത ഗ്രാമത്തിലേക്ക് പിടിച്ചുകൊണ്ടുപോയി അധിക്ഷേപം ചൊരിഞ്ഞു. അവിടെയും പോലീസ് നോക്കി നിൽക്കെ ഫാ. ജോഷി ജോർജിനും സഹവികാരി ഫാ. ദയാനന്ദനും ഒപ്പമുണ്ടായിരുന്നവർക്കും മർദനമേൽക്കേണ്ടി വന്നു.
ആക്രമണത്തിൽ തലയ്ക്കും തോളെല്ലിനും സാരമായി പരിക്കേറ്റ ഫാ. ദയാനന്ദ ബഹ്റാംപുർ മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്നും കുടുംബം ജോസ് കെ. മാണിയെ അറിയിച്ചു.കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ജില്ലാ സെക്രട്ടറി പി.സി. കുര്യൻ, കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സിബി മാണി, കെഎസ്സി എം സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ, തോമസ് കല്ലുവേലിൽ, വാർഡ് മെമ്പർ വിനു കുര്യൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.