നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി തള്ളി
Tuesday, April 8, 2025 12:02 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിയായ നടന് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ചും തള്ളി.
ദിലീപിന്റെ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ശരിവച്ചു. അതേസമയം, സിംഗിള്‍ ബെഞ്ച് ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നു വിലയിരുത്തി ഒഴിവാക്കി.
കേസിലെ വിചാരണ അവസാനഘട്ടത്തിലാണെന്നും വിചാരണക്കോടതിയുടെ ഉത്തരവ് ഉടനുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. കേസില്‍ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സി വേണമെന്നാണ് ദിലീപിന്റെ ആവശ്യം.
2017 ഏപ്രില്‍ 17ന് പോലീസ് കുറ്റപത്രം നല്‍കിയതാണെങ്കിലും ആക്രമണദൃശ്യങ്ങള്‍ പകര്‍ത്തിയതായി പറയുന്ന മൊബൈല്‍ ഫോണ്‍ ഇനിയും വീണ്ടെടുത്തിട്ടില്ലെന്നും ഇതു കണ്ടെത്തേണ്ടതാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതടക്കം കാര്യങ്ങള്‍ ഉന്നയിച്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
അന്വേഷണം ശരിയായ രീതിയിലാണെന്നതടക്കം അഭിപ്രായപ്പെട്ട് 2018 ഡിസംബറിലാണ് സിംഗിള്‍ ബെഞ്ച് ഹർജി തള്ളിയത്. എന്നാല്‍, അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ഇത്തരമൊരു പരാമര്‍ശം അനാവശ്യമായിരുന്നുവെന്ന് വിലയിരുത്തിയ ഡിവിഷന് ബെഞ്ച് ഉത്തരവിലെ ഈ ഭാഗം ഒഴിവാക്കി.
ഇത്തരം കാര്യങ്ങള്‍ വിചാരണക്കോടതിയാണു പരിഗണിക്കേണ്ടതെന്നും വ്യക്തമാക്കി. എന്നാല്‍, സിബിഐ അന്വേഷണ ആവശ്യം തള്ളാന്‍ സിംഗിള്‍ ബെഞ്ച് കണക്കിലെടുത്ത മറ്റു കാര്യങ്ങളെല്ലാം ഡിവിഷന് ബെഞ്ച് ശരിവച്ചു.