മുനമ്പം കേസില്‍ കക്ഷിചേരാന്‍ മുനമ്പം നിവാസികള്‍ക്ക് അനുമതി
Tuesday, April 8, 2025 12:02 AM IST
കോഴിക്കോട്: മുനമ്പം കേസില്‍ കക്ഷിചേരാന്‍ മുനമ്പം നിവാസികള്‍ക്കു കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ അനുമതി.
ഫാറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷന് നല്കിയ ഹർജിയില്‍ കക്ഷിചേരണമെന്ന മുനമ്പം നിവാസികളുടെ ആവശ്യമാണ് മൂന്നംഗ വഖഫ് ട്രൈബ്യൂണല്‍ അംഗീകരിച്ചത്. കക്ഷി ചേരാനനുവദിച്ചതിനെത്തുടര്ന്ന് അവരുടെ എതിര് ഹർജിയും മറ്റും നല്കാന് കേസ് ഇന്നു വീണ്ടും പരിഗണിക്കും.
മുനമ്പം ഭൂമി പ്രശ്നത്തില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് നടപടിക്കെതിരേയടക്കം ഫാറൂഖ് കോളജ് മാനേജ്മെന്റ് നല്കിയതും ട്രൈബ്യൂണല്‍ പരിഗണിക്കുന്നതുമായ രണ്ട് അപ്പീലുകളില്‍ കക്ഷി ചേരണമെന്ന അപേക്ഷയാണ് അനുവദിച്ചത്.
കക്ഷിചേരാനുള്ള മറ്റ് രണ്ട് ഹർജികള്‍ നേരത്തേ ട്രൈബ്യൂണല്‍ തള്ളിയിരുന്നു. വഖഫ് സംരക്ഷണ വേദി, അഖില കേരള വഖഫ് സംരക്ഷണ സമിതി എന്നിവയുടെ ഹർജികളാണു നേരത്തേ തള്ളിയത്.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന വഖഫ് ബോര്‍ഡിന്റെ 2019ലെ ഉത്തരവും തുടര്‍ന്ന് സ്ഥലം വഖഫ് രജിസ്ട്രറില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രണ്ടാമത്തെ ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫാറൂഖ് കോളജിന്റെ അപ്പീലുകള്‍.
ഫാറൂഖ് കോളജിന്റെ ഹർജികള്‍ പരഗണിക്കുമ്പോള്‍ മുനമ്പം നിവാസികള്‍ക്കു പറയാനുള്ള ഭാഗവും വഖഫ് ട്രൈബ്യൂണല്‍ കേള്‍ക്കും.