“വഴി നീളെ അടിച്ചു, അപമാനിച്ചു, തല്ലുന്നതെന്തിനെന്ന് ചോദിച്ചപ്പോൾ വീണ്ടും അടിച്ചു’’
Tuesday, April 8, 2025 12:02 AM IST
കുറവിലങ്ങാട്: തല്ലുന്നതെന്തിനെന്ന് ചോദിച്ചപ്പോൾ അവർ വീണ്ടും അടിച്ചു. ഒഡീഷയിലെ ബെർഹാംപൂർ രൂപതയിലെ ജൂബ ഇടവക വികാരി കുറവിലങ്ങാട് തോട്ടുവ സ്വദേശി ഫാ. ജോഷി വലിയകുളത്തിന്റെ വാക്കുകളിൽ നിറയുന്നത് ഭീതിയുടെ ശബ്ദമാണ്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളമായി പ്രേഷിതരംഗത്ത് സജീവമായ ഫാ. ജോഷിക്കും അസി. വികാരി ഫാ. ദയാനന്ദിനുമേറ്റ മർദനത്തിൽ രാജ്യമാകെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.
കഴിഞ്ഞ 21നാണ് ഫാ. ജോഷിക്കും അസി. വികാരിക്കും പള്ളിമേടയിൽ അകാരണമായി പോലീസ് മർദനമേറ്റുവാങ്ങേണ്ടിവന്നത്.
പള്ളിയുടെ സമീപമുള്ള ഗ്രാമത്തിലെത്തിയ പോലീസ് സംഘം പള്ളിമേടയിലെത്തി പള്ളി ശുചീകരണം നടത്തിക്കൊണ്ടിരുന്ന പെൺകുട്ടികളെയാണ് ആദ്യം മർദിച്ചത്. അഭയം തേടി അവർ വൈദികർക്ക് സമീപമെത്തിയതോടെ പോലീസ് വൈദികർക്ക് നേരേ തിരിഞ്ഞു. പിന്നീട് വഴിയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയതായും ഫാ. ജോഷി പറയുന്നു.
രാജ്യദ്രോഹികളാണെന്നും മതപരിവർത്തനം നടത്തുകയാണെന്നും ആക്രോശിച്ചാണ് പോലീസ് സംഘം മർദനം നടത്തിയതെന്നും ഫാ. ജോഷി പറയുന്നു. അടികൊണ്ട അസി. വികാരി ഗുരുതരാവസ്ഥയിലായിരുന്നു. അച്ചന്റെ തോളെല്ല് അടിയേറ്റ് പൊട്ടിയ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മർദനം നടക്കുന്പോൾ ഗ്രാമവാസികൾ പോലീസിനെ ഭയന്ന് അവിടെ നിന്ന് പോയിരുന്നുവെന്നും ഫാ. ജോഷി പറഞ്ഞു.