ഇഷ്ടനമ്പർ സ്വന്തമാക്കി 46,24,000 രൂപയ്ക്ക്
Tuesday, April 8, 2025 12:02 AM IST
കാക്കനാട്: കൊച്ചി ഇൻഫോപാർക്കിലെ സോഫ്റ്റ്വേര് കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് ലംബോർഗിനിക്കായി KL 07DG0007 എന്ന ഇഷ്ട നന്പർ സ്വന്തമാക്കിയത് 46, 24000 രൂപയ്ക്ക്.
എറണാകുളം ആർടി ഓഫീസിനു കീഴിൽ ആദ്യമായാണ് അരക്കോടിയോളം രൂപ മുടക്കി ഇഷ്ടനന്പർ സ്വന്തമാക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ഇഷ്ട നമ്പറിനായുള്ള ലേലത്തിൽ നാലുപേരാണ് പങ്കെടുത്തത്. ലേലത്തുക ഉയർന്നതോടെ മൂന്നു പേർ പിന്മാറുകയായിരുന്നു.
പിറവം സ്വദേശി 25 ലക്ഷം രൂപയ്ക്കാണ് KL 7 DG 0001 നന്പർ സ്വന്തമാക്കിയത്. 0001 എന്ന നമ്പറിനായുള്ള ലേലത്തിലും നാലുപേരാണ് ഉണ്ടായിരുന്നത്. മോട്ടോർ വാഹന വകുപ്പ് അധികൃതർ ഇന്നലെ നടത്തിയ ഇഷ്ടനമ്പർ ലേലത്തിലൂടെ രണ്ടു വാഹനങ്ങളിൽനിന്നായി സർക്കാർ ഖജനാവിലെത്തിയത് 71.24 ലക്ഷം രൂപയാണ്.