പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് യുവാവിന്റെ പരാക്രമം
Tuesday, April 8, 2025 12:02 AM IST
കരിന്തളം (കണ്ണൂർ): പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് വെട്ടുകത്തിയുമായി അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി.
കിനാനൂര്‍- കരിന്തളം കാട്ടിപ്പൊയില്‍ ഉമിച്ചിപ്പള്ളത്തെ ശ്രീധരൻ ആണ് ഞായറാഴ്ച അയല്‍വാസി ലക്ഷ്മിയുടെ വീടിനുമുകളില്‍ കയറിയത്. കയറാന്‍ ഉപയോഗിച്ച ഏണി മുകളിലേക്കെടുത്ത് വയ്ക്കുകയും ചെയ്തു. കൈയില്‍ കരുതിയ കത്തിയെടുത്ത് ആത്മഹത്യാഭീഷണിയായി പിന്നീട്.
നീലേശ്വരം എസ്ഐ കെ.വി. പ്രദീപനും സംഘവും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പൊറോട്ടയും ബീഫും വേണമെന്നായിരുന്നു ശ്രീധരന്റെ ആവശ്യം.
നാട്ടുകാരും പോലീസും പലയിടങ്ങളില്‍ ചെന്നെങ്കിലും ഞായറാഴ്ച ആയതിനാല്‍ ബീഫും പൊറോട്ടയും കിട്ടിയില്ല. ഇതിനിടെ കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
എസ്ഐ പ്രദീപനും സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന് കാങ്കോല്‍, സജില്‍കുമാര്‍, ഹോംഗാര്‍ഡ് ഗോപിനാഥന് എന്നിവരും നാട്ടുകാരുടെ സഹായത്തോടെ വീടിനുമുകളില്‍ കയറി ശ്രീധരനെ പിടികൂടി അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ താഴെ ഇറക്കുകയായിരുന്നു.
പോലീസ് സ്റ്റേഷനിലെത്തിച്ച ശ്രീധരന് പൊറോട്ടയ്ക്കും ബീഫിനുമൊപ്പം മുട്ടക്കറി കൂടി വാങ്ങിനല്‍കി. ഈയൊരു തവണത്തേക്കു ക്ഷമിച്ചെന്നും ഇനി മേലാല്‍ ഇത്തരം പണി കാണിക്കരുതെന്നും സ്നേഹരൂപേണ താക്കീത് നല്‍കിയാണു ശ്രീധരനെ മടക്കി അയച്ചത്.