ഇന്റര്‍നാഷണല്‍ മിഷന് കോണ്‍ഗ്രസ് 28 മുതൽ
Tuesday, April 8, 2025 12:02 AM IST
കോട്ടയം: ഫിയാത്ത് മിഷന്റെ ആറാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന് (ജിജിഎം) ഇന്റര്‍നാഷണല്‍ മിഷന് കോണ്‍ഗ്രസ് 28 മുതല്‍ മേയ് നാലു വരെ ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ദേവാലയാങ്കണത്തിലും ചെത്തിപ്പുഴ ക്രിസ്തുജ്യോതി കാമ്പസിലും നടത്തും.
മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും സംഘടിപ്പിക്കുന്ന മിഷന് ധ്യാനം, മൂന്നു റീത്തുകളിലേയും മിഷന് പ്രദേശങ്ങളിലെ വൈദികരും, സിസ്റ്റേഴ്സും അത്മായമിഷനറിമാരും മിഷനെ പരിചയപ്പെടുത്തുന്ന ബൃഹത്തായ മിഷന് എക്സിബിഷന്, അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയുള്ള കാര്‍ലോ ദിവ്യകാരുണ്യ എക്സിബിഷന്, മിഷന് ഗാതറിംഗുകള്‍, മിഷന് ധ്യാനം, കുട്ടികള്‍ക്കായുള്ള മിഷന് പരിശീലന ക്യാമ്പ്, മീഡിയ വില്ലേജില്‍ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍, മിഷന് മ്യൂസിക് ബാന്റ്സ്, നൈറ്റ് വിജില്‍ എന്നിവയുള്‍പ്പെടുന്നതാണ് ജിജിഎം.
ദിവസവും വിവിധ റീത്തുകളിലെ ബിഷപ്പുമാരുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിവിധ ഭാഷകളിലുള്ള വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന മിഷന് കോണ്‍ഗ്രസില്‍ വൈദികര്‍, സന്യാസിനികള്‍, സെമിനാരിക്കാര്‍, അത്മായ ശുശ്രൂഷകര്‍, മതബോധന അധ്യാപകര്‍, മത ബോധന വിദ്യാര്‍ഥികള്‍, ഡോക്ടേര്‍സ് ആന്‍ഡ് നഴ്സസ്, യുവാക്കള്‍, കരിസ്മാറ്റിക്, പ്രോലൈഫ്, സുവിശേഷസംഘം, മിഷന് ലീഗ്, വിന്‍സെന്റ് ഡി പോള്‍, മാതൃവേദി, പിതൃവേദി, വിവിധ ഇടവകകളില്‍ മിഷന് ഔട്ട് റീച്ച് പ്രോഗ്രാം തുടങ്ങി വ്യത്യസ്ത കൂട്ടായ്മകളും വിവിധ ദിവസങ്ങളിലായി ഒരുക്കിയിട്ടുണ്ട്.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ് ഡോ. തോമസ് .ജ.നെറ്റോ, ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ബൈബിള്‍ ചരിത്രവും വിവിധങ്ങളായ ബൈബിള്‍ ശേഖരവും ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും അവതരിപ്പിക്കുന്ന അതിവിപുലമായ ബൈബിള്‍ എക്സ്പോ, വിശ്വാസികളില്‍ മിഷന് തീക്ഷ്ണത വര്‍ധിപ്പിക്കാനുതകുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫിലിം ഫെസ്റ്റ്, സംഗീതനിശ, ഭാരതത്തിനകത്തും പുറത്തും സേവനം ചെയ്യുന്ന മിഷനറിമാരെ ആദരിക്കുന്ന മിഷന് അവാര്‍ഡ് സെറിമണി എന്നിവ മിഷന്‍കോണ്‍ഗ്രസിന്റെ ആകര്‍ഷകഘടകങ്ങളാണ്.