പട്ടിക വിഭാഗങ്ങളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറണം: ഗവര്‍ണര്‍
Monday, March 24, 2025 2:56 AM IST
തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ യഥാര്‍ത്ഥ ഉന്നമനം യാഥാര്‍ഥ്യമാകണമെങ്കില്‍ അവരോടുള്ള സമൂഹത്തിന്റെ മനോഭാവം മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതി പതിനഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി തിരുവവന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം ലഭിച്ച് എട്ടു പതിറ്റാണ്ടായിട്ടും ഇന്ത്യയില്‍ ദളിത് പിന്നാക്കവിഭാഗങ്ങള്‍ക്ക് പുരോഗതിയുണ്ടാകണം എന്നതിനെ ആരും ഗൗരവമായി എടുക്കാത്തതാണ് ഏറ്റവും വലിയ പരാജയം. ഇന്ത്യയിലെ ജനങ്ങളുടെ മനോഭാവം മാറിയാല്‍ മാത്രമേ സാമൂഹികമായ പുരോഗതി കൈവരിക്കാനാകൂ. ഇന്ത്യ കണ്ട ഏറ്റവും മഹാനായ മനുഷ്യരിലൊരാളായിരുന്നു ഭരണഘടനാ ശില്പിയായ ഡോ. ബി.ആര് അംബേദ്കര്‍.
അംബേദ്കറുടെ ജീവിതം വലിയ കഷ്ടപ്പാടുകള്‍ നിറഞ്ഞ ഒന്നായിരുന്നു. രാജ്യം ഭാരതരത്നം നല്കി ആദരിച്ച അദ്ദേഹം യഥാര്‍ഥത്തില്‍ ഒരു വിശ്വരത്നമാണെന്നും അദ്ദേഹത്തിന്റെ ജന്മദിനം പട്ടികജാതി, പട്ടികവര്‍ഗ സമൂഹങ്ങള്‍ക്കിടയില്‍ മാത്രം ഒതുങ്ങിനില്ക്കാതെ എല്ലാവരാലും ആഘോഷിക്കപ്പെടേണ്ടതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.