ഒടുവിൽ പൊളിഞ്ഞു;അമ്മായിയപ്പനെ കബളിപ്പിക്കാൻ മരുമകന്റെ മോഷണ നാടകം
Monday, March 24, 2025 3:20 AM IST
കോഴിക്കോട്: പൂവാട്ടുപറമ്പില്‍ നിറുത്തിയിട്ടിരുന്ന കാറില്‍നിന്ന് 40.25 ലക്ഷം രൂപ കവര്‍ന്നുവെന്ന പരാതി ഭാര്യാപിതാവിനെ കബളിപ്പിക്കാനായി യുവാവ് ആസൂത്രണം ചെയ്തതാണെന്നു പോലീസ്. വ്യാജ പരാതിക്കാരനെയും അയാളുടെ രണ്ടു സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. പൂവാട്ടുപറമ്പ് ആനക്കുഴിക്കര മാരിക്കോളനി നിലം റഹീസ്, സുഹൃത്തുക്കളായ സാജിദ് എന്ന ഷാജി, ജംഷീദ് എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്.
പൂവാട്ടുപറമ്പ് കെയര്‍ ലാൻഡ് ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് കവര്‍ച്ച നടത്തിയെന്നായിരുന്നു റഹീസിന്റെ പരാതി. കാറിന്റെ ഡിക്കിയില്‍ ചാക്കിനുള്ളിലുണ്ടായിരുന്ന 40 ലക്ഷവും ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപയും കാറിന്റെ ഗ്ളാസ് തകര്‍ത്തു മോഷ്ടിച്ചെന്നായിരുന്നു പരാതി.
പാര്‍ക്കിംഗ് ഏരിയയില്‍നിന്നു രണ്ടുപേര്‍ ചാക്കുമായി ബൈക്കില്‍ കയറി പോകുന്നതിന്റെ സിസി ടിവി ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. ഇവരെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് വ്യാജ കവര്‍ച്ചയാണെന്നു വ്യക്തമായത്. കാറില്‍ പണമുണ്ടായിരുന്നില്ല. ഭാര്യാപിതാവിനെ ബോധ്യപ്പെടുത്താനായി മോഷണനാടകം നടത്താന്‍ റഹീസ് രണ്ടു സുഹൃത്തുക്കള്‍ക്ക് 90,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.
കൂട്ടാളികളെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് സത്യം പുറത്തായത്. ഭാര്യാപിതാവ് 40 ലക്ഷം രൂപയോളം റഹീസിനെ ഏല്‍പ്പിച്ചിരുന്നു. ഈ പണം മോഷ്ടിക്കപ്പെട്ടെന്നു പറഞ്ഞ് തിരികെ കൊടുക്കാതിരിക്കാനായിരുന്നു റഹീസിന്റെ ശ്രമം.