രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
Monday, March 24, 2025 3:20 AM IST
തിരുവനന്തപുരം: രണ്ടാം മോദി സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാനത്തെ പുതിയ ബിജെപി അധ്യക്ഷന്‍. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് ബിജെപിയെ നയിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ കേരളത്തിലെത്തുന്നത്. ഇന്നലെ ചേര്‍ന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ കേരള പ്രഭാരി പ്രകാശ് ജാവദേക്കറാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അറിയിച്ചത്.
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് തുടങ്ങിയവരുടെ പേരുകള്‍ സജീവ ചര്‍ച്ചയായിരുന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വന്നതോടെ കോര്‍ കമ്മിറ്റി യോഗം അംഗീകാരം നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടോടെ ബിജെപി സംസ്ഥാന ഓഫീസായ മാരാര്‍ജി ഭവനിലെത്തി രാജീവ് ചന്ദ്രശേഖര്‍ റിട്ടേണിംഗ് ഓഫീസര്‍ നാരായണന് നമ്പൂതിരി മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്, സുരേഷ് ഗോപി എന്നിവരുടെയും കുമ്മനം രാജശേഖരന് അടക്കമുള്ള നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു നാമനിര്‍ദേശ പത്രികാ സമര്‍പ്പണം. 30 അംഗ ദേശീയ കൗണ്‍സില്‍ അംഗങ്ങളും നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ഇന്ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കും.