കേരള ബിജെപിയെ റീ പ്രോഗ്രാം ചെയ്യാന്‍ പറന്നിറങ്ങിയ മോദിയുടെ ഐടി മാന്‍
Monday, March 24, 2025 3:20 AM IST
തിരുവനന്തപുരം: അഭ്യന്തര കലഹങ്ങളില്‍ പെട്ടുഴലുന്ന കേരള ബിജെപിക്ക് ഒരു റീ പ്രോഗ്രാമിംഗ് അനിവാര്യമാണ്. അതു കേന്ദ്ര നേതൃത്വത്തിന് നന്നായറിയാം. അതുകൊണ്ടുതന്നെയാകണം ആ ദൗത്യമേറ്റെടുത്ത് രാജീവ് ചന്ദ്രശേഖര്‍ എന്ന ഐടി മാന്‍ കേരളത്തിന്റെ മണ്ണിലേക്ക് പറന്നിറങ്ങുന്നത്.
തൃശൂര്‍ ദേശമംഗലം സ്വദേശിയും എയര്‍ഫോഴ്സ് കമാൻഡറുമായിരുന്ന എം.കെ. ചന്ദ്രശേഖറിന്റെയും ആനന്ദവല്ലി അമ്മയുടെയും മകനായി 1964 മേയ് 31ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ജനിച്ച രാജീവ് ചന്ദ്രശേഖര്‍ ഏവരെയും വിസ്മയിപ്പിച്ചു കൊണ്ടാണ് ഐടി മേഖലയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ടേക്ക് ഓഫ് നടത്തിയത്. അവിടെയും തൊട്ടതെല്ലാം രാജീവ് പൊന്നാക്കി.
2006ല്‍ കര്‍ണാടകയില്‍നിന്ന് ബിജെപി സ്വതന്ത്രനായി രാജ്യസഭാംഗമായ അദ്ദേഹം പിന്നീട് രണ്ട് തവണ കൂടി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
2006 മുതല്‍ 2024 വരെയുള്ള പതിനെട്ട് വര്‍ഷം ബിജെപി ടിക്കറ്റില്‍ രാജ്യസഭാംഗമായിരുന്ന രാജീവ് 2021 മുതല്‍ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി. നൈപുണ്യവികസന സംരംഭകത്വം, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പുകളുടെ സഹമന്ത്രിയെന്ന നിലയില്‍ രാജീവ് പേരെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഐടി മാന്‍ എന്ന വിളിപ്പേര് നേടി. ബിജെപിയുടെ ദേശീയ വക്താവ്, എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്മാന് എന്നീ ചുമതലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി പരാജയപ്പെട്ടു. എങ്കിലും മണ്ഡലത്തില്‍ ബിജെപിയെ ബഹുദൂരം മുന്നിലെത്തിക്കാന്‍ രാജീവിനു കഴിഞ്ഞു. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ രാജീവ് ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് അഡ്വാന്‍സ് മാനേജ്മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയ അദ്ദേഹം 1988 മുതല്‍ 1991 വരെ അമേരിക്കയിലെ ഇന്റല്‍ കമ്പനിയില്‍ ഐടി ഉദ്യോഗസ്ഥനായി ജോലി ചെയ്തു.
1991ല്‍ ബിപിഎല്‍ ഗ്രൂപ്പ് ചെയര്മാന് ടിപിജി നമ്പ്യാരുടെ മകള്‍ അഞ്ജുവിനെ വിവാഹം ചെയ്തു. തുടര്‍ന്ന് ബിപിഎല്‍ കമ്പനിയുടെ ഭാഗമായി. 1994ല്‍ ബിപിഎല്ലിന്റെ തന്നെ മൊബൈല്‍ ഫോണ്‍ കമ്പനി രൂപീകരിച്ചു. ഈ കമ്പനി പിന്നീട് മറ്റൊരു കമ്പനിയില്‍ ലയിച്ചപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ ജുപ്പീറ്റര്‍ ഫിനാഷല് ഇന്‍വെസ്റ്റ്മെന്റ് എന്ന കമ്പനി ആരംഭിച്ച് ആ മേഖലയില്‍ തന്റെ പ്രവര്‍ത്തനം തുടര്‍ന്നു. അതിനിടയിലാണ് 2006ല്‍ രാഷ്്ട്രീയ മേഖലയിലേക്കും രാജീവ് ചുവടുവച്ചത്.
2013ല്‍ ബെല്‍ഗാമിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്കി ആദരിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിലെ കൊയൂരാണ് രാജീവ് ചന്ദ്രശേഖറിന്റെ കുടുംബ വീട്. വേദ്, ദേവിക എന്നിവരാണ് മക്കള്‍.