ജീവ മിൽക്ക് രജതജൂബിലി ആഘോഷങ്ങൾക്കു തുടക്കം
Monday, March 24, 2025 3:20 AM IST
കോതമംഗലം: ഗുണനിലവാരമുള്ള ജീവ മില്‍ക്ക് ഉത്പന്നങ്ങള്‍ കേരളത്തിലെ ആറു ജില്ലകളില്‍ എത്തിക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്ന് കോതമംഗലം രൂപത മുൻ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍. ജീവ മില്‍ക്കിന്റെ രജതജൂബിലി ആഘോഷ പരിപാടികള്‍ക്കു തുടക്കം കുറിച്ച് പരീക്കണ്ണിയില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഉപരിപഠന വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനം എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നിര്‍വഹിച്ചു. ഭവനനിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. പശു സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യുവും സ്കൂള്‍ കുട്ടികള്‍ക്കായുള്ള പഠനോപകരണ പദ്ധതിയുടെ ഉദ്ഘാടനം രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തിലും ഓര്‍ഫനേജ് സഹായ പദ്ധതിയുടെ ഉദ്ഘാടനം മോണ്‍. വിന്‍സെന്റ് നെടുങ്ങാട്ടും നിര്‍വഹിച്ചു.
സ്ഥിരരോഗികള്ക്കായുള്ള ചികിത്സാസഹായ പദ്ധതിയുടെ ഉദ്ഘാടനം ജീവ മില്‍ക്ക് മുന്‍ ഡയറക്ടര്‍ ഫാ. കുര്യാക്കോസ് കൊടക്കല്ലില്‍, ക്ഷീര കര്‍ഷകര്‍ക്കായുള്ള ജീവ ദിന സ്പെഷല്‍ ഫണ്ടിന്റെ വിതരണോഘാടനം കോതമംഗലം കത്തീഡ്രല്‍ വികാരി റവ. ഡോ. തോമസ് ചെറുപറമ്പില്‍ എന്നിവര്‍ നിര്‍വഹിച്ചു. ജീവ മില്‍ക്ക് ഡയറക്ടര്‍ ഫാ. ജോസ് മൂര്‍ക്കാട്ടില്‍, ജനല്‍ മാനേജര്‍ സിബി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.