രാജീവിന് വെല്ലുവിളി, വിഭാഗീയത ഇല്ലാതെ സംഘടനയെ മുന്നോട്ടു നയിക്കൽ
തോമസ് വർഗീസ്
Monday, March 24, 2025 3:20 AM IST
തിരുവനന്തപുരം: ബിജെപിയിലെ എല്ലാ പക്ഷത്തേയും ഒരുമിച്ചുകൊണ്ടുപോവുക. അതാണ് സംസ്ഥാന അധ്യക്ഷപദവിയിലെത്തുന്പോൾ രാജീവ് ചന്ദ്രശേഖറിന്റെ മുന്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. പതിറ്റാണ്ടുകളായി തന്റെ പ്രവർത്തനമേഖല കർണാടക ആയിരുന്നതിനാൽ കേരളത്തിലെ ബിജെപി അധ്യക്ഷപദവി ഏറ്റെടുക്കുന്പോൾ മുന്നിലുള്ള പാത അത്ര ഏളുപ്പമല്ല.
മലയാളിയെങ്കിലും ഏറിയ പങ്കും ബംഗളൂരുവിൽ ചെലവഴിച്ച രാജീവ് ചന്ദ്രശേഖർ കുറച്ചു നാളുകൾക്ക് മുന്പ് തിരുവനന്തപുരത്ത് സ്വന്തമായി വീടു വാങ്ങിയത് ഉൾപ്പെടെ അധ്യക്ഷ സ്ഥാനത്തേയക്ക് എത്തുമെന്നു കേന്ദ്ര നേതൃത്വത്തിന്റെ വ്യക്തമായ ഉറപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കാനിറങ്ങിയപ്പോൾ താൻ അഞ്ചു വർഷവും ഇവിടെ ഉണ്ടാവുമെന്ന രാജീവിന്റെ പരാമർശം ഇപ്പോൾ അച്ചട്ടായിരിക്കയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ശശി തരൂരിനോട് പരാജയപ്പെട്ടപ്പോഴും തുടർന്നുള്ള മാസങ്ങളിൽ സംസ്ഥാനത്തെ ജനകീയ പ്രശ്നങ്ങളിൽ ഉൾപ്പെടെ രാജീവ് ചന്ദ്രശേഖർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരത്തെ ബിജെപിയുടെ പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തുവരികയായിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് രാജീവ് നടത്തുന്നതെന്നായിരുന്നു പൊതു വിലയിരുത്തൽ. എന്നാൽ അതിനെല്ലാം അപ്പുറം സംസ്ഥാന ബിജെപിയുടെ അമരത്തേയ്ക്കാണ് രാജീവിനെ കേന്ദ്ര നേതൃത്വം നിയമിച്ചത്.
പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്പോൾ ആദ്യ വെല്ലുവിളി സംഘടനയെ വിഭാഗീയത ഇല്ലാതെ ഐക്യത്തോടെ മുന്നോട്ടു കൊണ്ടുപോവുക എന്നതാണ്. കൂടാതെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും പാർട്ടിയെ സജ്ജമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വവും രാജീവിന് മുന്നിലുണ്ട്.
സംസ്ഥാനത്ത് സംഘടന പ്രവർത്തന രംഗത്തില്ലാതിരുന്നതിനാൽ അടിത്തട്ടിലുള്ള പ്രവർത്തകരുമായി കൂടുതൽ ബന്ധം സ്ഥാപിക്കലാണ് നിർണായകം. സംഘടനയെ കൃത്യമായി ചലിപ്പിക്കാൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ പൂർണ പിന്തുണയും ഉറപ്പാക്കണം. ഇതിനായുള്ള പരിശ്രമമായിരിക്കും ആദ്യം നടത്തുക.
പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയർന്നുകേട്ട മറ്റു പേരുകളായ ശോഭാ സുരേന്ദ്രൻ, എം.ടി. രമേശ്, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ തുടങ്ങിയവരുമായി യോജിച്ച് പ്രവർത്തിച്ചു സംഘടനയെ മുന്നോട്ടു കൊണ്ടു പോകുകയാവും ലക്ഷ്യമിടുക. ഒപ്പം മത, സാമുദായിക സംഘടനാ നേതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള ശ്രമവും ഉണ്ടാവും.
കേരളത്തിൽ തുടക്കക്കാരനെങ്കിലും 2006 മുതൽ കർണാടകയിൽ നിന്നും രാജ്യസഭാംഗമായി പ്രവർത്തിച്ച രാജീവ് രണ്ടാം മോദി സർക്കാരിൽ ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രിയായി കഴിവു തെളിയിച്ച വ്യക്തിയാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശി തരൂരിനെതിരേ മത്സരിക്കാനിറങ്ങി മികച്ച പോരാട്ടം നടത്തിയാണ് രാജീവ് ശ്രദ്ധേയനായത്. യുവജനതയ്ക്കിടയിൽ രാജീവിന് മികച്ച സ്വാധീനമെന്നാണ് ബിജെപി വിലയിരുത്തൽ.