തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകം: ഒരാഴ്ച ഗൂഢാലോചന; പിന്നാലെ സ്കെച്ച്
Monday, March 24, 2025 3:20 AM IST
തൊടുപുഴ: സാന്പത്തിക തർക്കത്തെ തുടർന്ന് ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ സംഭവം ഒരാഴ്ചത്തെ ഗൂഡാലോചനയ്ക്കു ശേഷമെന്ന് പോലീസ്.
കൊല്ലപ്പെട്ട ബിജു വീട്ടിലേയ്ക്കു വരുന്നതിന്റെയും പോകുന്നതിന്റെയും സമയം കൃത്യമായി മനസിലാക്കിയാണ് പ്രതികൾ സ്കെച്ചിട്ടത്. എല്ലാ ദിവസവും തന്നെ പുലർച്ചെ ബിജു പുറത്തു പോകുന്നതറിയാവുന്ന ജോമോൻ ഈ സമയം തന്നെ തട്ടിക്കൊണ്ടു പോകലിനു കളമൊരുക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകലും കൊലയും മൃതദേഹം മറവു ചെയ്യലും മൂന്നു മണിക്കൂറുകൾക്കുള്ളിലാണ് പ്രതികൾ നടത്തിയത്.
വ്യാഴാഴ്ച പുലർച്ച അഞ്ചോടെയാണ് കോലാനിക്കു സമീപത്തു നിന്ന് ബിജു ജോസഫിനെ ജോമോന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. ജോമോന്റെ ബന്ധുവിന്റെ വാൻ ആണ് ഇതിനായി ഉപയോഗിച്ചത്. ബിജു സഞ്ചരിച്ച സ്കൂട്ടർ വാൻ ഉപയോഗിച്ച് തടഞ്ഞാണ് കൃത്യം നടത്തിയത്. വാഹനത്തിൽ ബലമായി കയറ്റിയപ്പോൾ ബിജു നിലവിളിച്ചു. ശബ്ദം പുറത്തു പോകുമെന്നായതോടെ രണ്ടാം പ്രതി ആഷിക് ജോണ്സണ് തലയിലും കഴുത്തിലും ചവിട്ടിപ്പിടിച്ചു. ഈ അതിക്രമത്തിലാണ് ബിജു മരിക്കുന്നത്.
കോലാനിയിൽനിന്നു കലയന്താനി വരെയുള്ള യാത്രക്കിടയിൽ ബിജുവിന് അതിക്രൂര മർദനമേറ്റെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.
ബിജു മരിച്ചെന്നുറപ്പായതോടെ കലയന്താനി-ചെലവ് റോഡിലെ ചെത്തിമറ്റത്തുള്ള ദേവമാത കേറ്ററിംഗിന്റെ ഗോഡൗണിലേക്ക് പോകുകയും മൃതദേഹം മാലിന്യക്കുഴിയിലെ മാൻഹോളിൽ തള്ളുകയുമായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. നേരത്തേ രണ്ടു തവണ ബിജു ജോസഫിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയിരുന്നു. എന്നാൽ, രണ്ടു സംഭവങ്ങളിലും പ്രതികൾ മുൻകൂർ പണം ആവശ്യപ്പെട്ടതോടെയാണ് മൂന്നാമത്തെ സംഘത്തെ സമീപിച്ചത്. ഇവർക്ക് 12,000 രൂപ ഗൂഗിൾ പേ വഴി നൽകിയിരുന്നു. ആറ് ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. ബാക്കി തുക കൃത്യം നടത്തിയ ശേഷം നൽകുമെന്നാണ് ജോമോൻ പറഞ്ഞിരുന്നത്.
തെളിവെടുപ്പ്: കൂസലില്ലാതെ പ്രതികൾ
തൊടുപുഴ: ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ എന്നിവരെ ഇന്നലെ പോലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. രാവിലെ 10 ഓടെ ജോമിനുമായി ബിജുവിനെ തട്ടിക്കൊണ്ടുപോയ കോലാനിയിലെത്തിച്ച് തെളിവെടുത്തു.
ബിജുവിനെ പിന്തുടർന്ന സ്ഥലം മുതൽ വാനിൽ കയറ്റിയ സ്ഥലം വരെ പ്രതിയെ എത്തിച്ചു. ഇവിടെനിന്നു ബിജുവിന്റെ ഒരു ചെരുപ്പ് പോലീസ് കണ്ടെടുത്തു. ഒരു ചെരിപ്പ് നേരത്തേ ലഭിച്ചിരുന്നു. പിന്നീട് മുഹമ്മദ് അസ്ലമിനെയും കൂട്ടി കലയന്താനി ചെത്തിമറ്റത്തെ കേറ്ററിംഗ് ഗോഡൗണിലുമെത്തി തെളിവു ശേഖരിച്ചു.
മരണം തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് കണ്ടെത്തൽ
തൊടുപുഴ: തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജു ജോസഫിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം പോസ്റ്റുമോർട്ടം പൂർത്തിയാക്കി ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്ന് രണ്ടിന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും.
കൈകൊണ്ടുള്ള ശക്തമായ മർദനമാണ് തലയ്ക്കേറ്റതെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ബിജുവിന്റെ മൂന്ന് വാരിയെല്ലുകളും കഴുത്തും ഒടിഞ്ഞിട്ടുണ്ട്. കേസിൽ ഒന്നാം പ്രതിയും ബിജുവിന്റെ ബിസിനസ് പങ്കാളിയുമായ ദേവമാതാ കേറ്ററിംഗ് സ്ഥാപന ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫിനെ (51) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ക്വട്ടേഷൻ സംഘാംഗങ്ങളായ എറണാകുളം ഇടമനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം (36), കണ്ണൂർ ചെറുപുഴ കളരിക്കൽ ജോമിൻ കുര്യൻ (25) എന്നിവരെ പോലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേസിൽ ഉൾപ്പെട്ട കാപ്പാ കേസ് പ്രതിയായ വടക്കേക്കര പൊയ്യാതുരുത്തിൽ ആഷിക് ജോണ്സണെ (27) പോലീസ് നേരത്തേ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. നേരത്തേ ജോമോന്റെ കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ജോമിനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്.