മാർ പുന്നക്കോട്ടിലിനെതിരായ കേസ്: പ്രതിഷേധം ഇരമ്പുന്നു
Monday, March 24, 2025 2:56 AM IST
കേസെടുത്തത് പ്രതിഷേധാര്‍ഹം: സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്
കൊച്ചി: ആലുവ- മൂന്നാര്‍ രാജപാതയില്‍ സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു സംഘടിപ്പിച്ച ജനകീയ കാല്നടയാത്രാ സമരത്തില്‍ പങ്കെടുത്ത ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലും ജനപ്രതിനിധികളുമുള്‍പ്പെടെ 23 പേര്‍ക്കുമെതിരേ കേസെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്.
1927ലെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് നിലവില്‍ വരുന്നതിന് ദശാബ്ദങ്ങള്‍ മുമ്പേ നിര്‍മിച്ച രാജപാതയാണു വനംവകുപ്പ് അന്യായമായി കൈയേറിയിരിക്കുന്നത്. പൊതുമരാമത്ത് രേഖകളും രാജഭരണകാലത്തെ രേഖകളും പ്രകാരം റോഡ് എന്നു രേഖപ്പെടുത്തിയിരിക്കുകയും പഴയ പാലങ്ങളും അതിരുകളും ഉള്ളതുമായ വഴിയിലൂടെ നടന്നതിനു കേസെടുത്ത വനംവകുപ്പിന്റെ നടപടി മൗലികാവകാശ ലംഘനമാണ്. സമരത്തില്‍ പങ്കെടുത്ത ഒരാള്‍പ്പോലും വനത്തില്‍ അതിക്രമിച്ചു കയറിയിട്ടില്ല. പൊതുമരാമത്ത് റോഡിലൂടെ നടക്കുക മാത്രമാണു ചെയ്തത്.
ഇല്ലാത്ത അധികാരം സ്ഥാപിച്ചും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞും വനംവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന മൗലികാവകാശ ലംഘനങ്ങളില്‍ സീറോമലബാര്‍ സഭ കടുത്ത പ്രതിഷേധം അറിയിക്കുന്നു. സമാധാനപരമായി പ്രതിഷേധിച്ച മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് സര്‍ക്കാര്‍ ഇടപെട്ടു പിന്‍വലിക്കണമെന്നും രാജപാത പൂര്‍ണമായും സഞ്ചാരയോഗ്യമാക്കി ഗതാഗതത്തിന് തുറന്നുനല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
വനംവകുപ്പിനെ തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണം : കെസിബിസി ജാഗ്രതാ കമ്മീഷന്
കൊച്ചി: പൗരന്മാരുടെ നിയമപരമായ അവകാശങ്ങള്ക്കെതിരായുള്ള വനം വകുപ്പിന്റെ നിലപാടുകളും പ്രവര്‍ത്തനങ്ങളും അടിയന്തരമായി തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന് ആവശ്യപ്പെട്ടു.
പൊതുജനങ്ങളുടെ സുരക്ഷിതമായ ജീവിതത്തിന് എതിരായുള്ള വനംവകുപ്പിന്റെ അന്യായവും അനിയന്ത്രിതവുമായ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണു ബിഷപ് മാർ ജോര്‍ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും ഉള്‍പ്പെടെയുള്ളവർക്ക് എതിരായുള്ള കേസുകള്‍. സ്ഥലവാസികളായ പൊതുജനങ്ങളെ ശ്രവിക്കുകയോ വന്യമൃഗങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ജനങ്ങളുടെ ദുരിതങ്ങളില്‍ ക്രിയാത്മകമായി ഇടപെടുകയോ ചെയ്യാതെ പൊതുജനവേട്ട നടത്തുന്ന സമീപനമല്ല വനംവകുപ്പ് സ്വീകരിക്കേണ്ടത്. പൊതുജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകാന്‍ വനംവകുപ്പിനെ ഇനിയും അനുവദിക്കരുത്.
വനം,വന്യജീവി നിയമങ്ങൾ നടപ്പാക്കല്‍ എന്നപേരില്‍ അധികാര ദുര്‍വിനിയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ആലുവ- മൂന്നാര്‍ രാജപാതയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പൊതുജനമുന്നേറ്റ യാത്രയില്‍ പങ്കെടുത്തതിന്റെ പേരിലും വനംവകുപ്പിന്റെ കടന്നുകയറ്റങ്ങള്ക്കെതിരായും സംഘടിപ്പിക്കപ്പെട്ട സമാനമായ എല്ലാ ജനകീയ പ്രതിഷേധസമരങ്ങള്ക്കുമെതിരേ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വനംവകുപ്പ് എടുത്തിരിക്കുന്ന മുഴുവന്‍ കേസുകളും പിന്‍വലിക്കാൻ സര്‍ക്കാര്‍ തയാറാകണമെന്നും കെസിബിസി ജാഗ്രതാ കമ്മീഷനുവേണ്ടി ചെയര്മാന് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയര്മാന്മാരായ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
അപലപനീയം: കത്തോലിക്ക കോണ്‍ഗ്രസ്
കൊച്ചി: ജനമുന്നേറ്റ യാത്രയില്‍ പങ്കെടുത്ത ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരേ അന്യായമായി കേസെടുത്ത നടപടി അപലപനീയമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഈ പാത കാടാണെന്നു പറയുന്ന വനംവകുപ്പ് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങളില്‍ കടന്നുകയറുകയാണ്.
കേസെടുത്ത നടപടിയില്‍നിന്നു പിന്മാറണമെന്നും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധസമരം ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പാലാ രൂപത ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ.ഒഴുകയില്‍, പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
തീക്കൊള്ളികൊണ്ട് തലചൊറിയരുത്: ഡീന്‍ കുര്യാക്കോസ്
കോതമംഗലം: പഴയ ആലുവ- മൂന്നാര്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ച മുന്‍പ് നടത്തിയ ജനകീയ സമരത്തിനു നേതൃത്വം നല്‍കിയവര്‍ക്കെതിരേ കേസെടുത്തത് പ്രതിഷേധാർഹമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കോതമംഗലം രൂപത മുന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഉള്‍പ്പെടെ നിരവധി വൈദികര്‍ സമരത്തിനു നേതൃത്വം നല്കിയപ്പോള് ഗത്യന്തരമില്ലാതെ തലങ്ങും വിലങ്ങും നടപടിയുമായി വനംവകുപ്പ് ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. ഈ നടപടി തീക്കൊള്ളികൊണ്ടു തലചൊറിയുന്നതിന് തുല്യമാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
പ്രതിഷേധാർഹം: കുഴൽനാടൻ
മൂവാറ്റുപുഴ: ജനകീയ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ കേസെടുത്ത നടപടി പ്രതിഷേധാർഹമാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്ത ബിഷപ്പിനെതിരേ സ്വീകരിച്ച നടപടിക്ക് സർക്കാർ കനത്ത വില നൽകേണ്ടിവരും.
പഴയ ആലുവ-മൂന്നാർ രാജപാത കൈയേറി ബാരിക്കേഡ് സ്ഥാപിച്ചതിന്റെ പേരിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേയാണ് കേസെടുക്കേണ്ടത്. ജനകീയസമരങ്ങളെ കള്ളക്കേസുകളെടുത്ത് അടിച്ചമർത്താമെന്നു വിചാരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് കുഴൽനാടൻ പറഞ്ഞു.