യുവതിക്കു നേരേ ആസിഡ് ആക്രമണം; പ്രതി പോലീസിൽ കീഴടങ്ങി
Monday, March 24, 2025 3:20 AM IST
പേരാമ്പ്ര: ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിക്കു നേരേ ആസിഡ് അക്രമം. പ്രതി പോലീസിൽ കീഴടങ്ങി. ഇന്നലെ രാവിലെ ഒമ്പതരയോടെ ചെറുവണ്ണൂർ ഗവ. ആയുർവേദ ആശുപത്രിയിലായിരുന്നു സംഭവം. ഇവിടെ ചികിത്സയിലായിരുന്ന പൂനത്ത് കാലടി പറമ്പിൽ പ്രബിഷ (29) ക്കു നേരേയാണ് ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യുവതിയുമായി മൂന്നു വർഷമായി വേർപിരിഞ്ഞു കഴിയുന്ന ഭർത്താവ് നടുവണ്ണൂർ തിരുവോട് കാരിപ്പറമ്പത്ത് പ്രശാന്ത് (36) ആണു യുവതിയുടെ മേൽ ആസിഡ് ഒഴിച്ചത്.
ഇന്നലെ രാവിലെ ആശുപത്രിയിൽ എത്തിയ പ്രശാന്ത് പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്തും ശരീരത്തും ആസിഡ് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ യുവതി തിരിഞ്ഞോടിയപ്പോൾ പുറകിലും ഇയാൾ ആസിഡ് ഒഴിച്ചു. യുവതിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് ഇവരെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്ക് സാരമായതിനാൽ പിന്നീട് യുവതിയെ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.
സംഭവം നടത്തി വൈകാതെ പ്രശാന്ത് മേപ്പയ്യൂർ പോലീസിൽ കീഴടങ്ങി. ഇയാൾ തൃശൂരിൽ ടാക്സി ഡ്രൈവറാണ്. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് പ്രശാന്തിനൊപ്പം പോയ പ്രബിഷ നിരന്തരം പ്രശ്നങ്ങളുണ്ടായപ്പോൾ മൂന്നു വർഷം മുമ്പ് വേർപിരിഞ്ഞ് പൂനത്തുള്ള പിതാവിനൊപ്പം താമസിക്കുകയയിരുന്നു.
ഒപ്പം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയുമായിരുന്നു. മൂന്നു വർഷം മുമ്പ് പ്രബിഷയെ പ്രശാന്ത് ഹെൽമറ്റുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇതിനെത്തുടർന്നുള്ള ശാരീരികാസ്വസ്ഥകൾക്കുള്ള ഒരു മാസത്തെ ചികിത്സയുടെ ഭാഗമായാണ് പ്രബിഷ ചെറുവണ്ണൂർ ഗവ. ആശുപത്രിയിൽ എത്തിയത്. ഇതറിഞ്ഞ് പ്രശാന്ത് കഴിഞ്ഞ ദിവസം ഇവിടെയെത്തി പ്രബിഷയുമായി അൽപ്പ സമയം സംസാരിച്ച ശേഷം തിരിച്ചുപോയിരുന്നു. ഇന്നലെ വീണ്ടും ആശുപത്രിയിലെത്തി പ്രബിഷയെ വിളിച്ചു വരുത്തി ആസിഡ് ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.