കെഎസ്ആർടിസി ബസിൽ പാന്പ് കടത്ത്; രണ്ടു ജീവനക്കാർക്ക് സസ്പെൻഷൻ
Monday, March 24, 2025 2:56 AM IST
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ സ്കാനിയ ബസിൽ പാമ്പിനെ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാന്റിന് സമീപത്തു വച്ചാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം ബസ് വഴിയിൽ തടഞ്ഞു നിർത്തി പരിശോധന നടത്തി പാന്പിനെ കണ്ടെത്തിയത്.
ബംഗളുരുവിൽനിന്നു തിരുവനന്തപുരത്തേക്ക് എത്തിയ സൂപ്പർ ക്ലാസ് ബസിലെ പാഴ്സലിൽ ആണ് പാമ്പിനെ കണ്ടത്. പക്ഷിയാണെന്ന് അറിയിച്ചത് കൊണ്ടാണ് പാഴ്സൽ കൊണ്ടുവന്നതെന്ന് ബസ് ജീവനക്കാർ മൊഴി നൽകി . വീടുകളിൽ വളർത്തുന്ന ഇനം പാമ്പാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാഴ്സൽ പോലീസിന് കൈമാറി. ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്.