മിനിലോറി സ്കൂട്ടറിൽ ഇടിച്ച് തീപിടിച്ചു; സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
Friday, March 14, 2025 1:49 AM IST
ചാലക്കുടി: ദേശീയപാതയിൽ പോട്ട സിഗ്നൽ ജംഗ്ഷനിൽ സ്കൂട്ടറിലിടിച്ചു മിനിലോറിക്കു തീപിടിച്ചു. സ്കൂട്ടർയാത്രക്കാരനായ യുവാവ് മരിച്ചു. വിആർ പുരം ഞാറയ്ക്കൽ അശോകന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.20 നാണ് അപകടം.
ദേശീയപാതയിലൂടെ രാസവസ്തുക്കൾ കയറ്റിവരികയായിരുന്നു മിനിലോറി. പോട്ട ആശ്രമം റോഡിൽനിന്നു വന്ന സ്കൂട്ടർ സിഗ്നൽ ജംഗ്ഷൻ മുറിച്ചുകടക്കുമ്പോൾ മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനീഷ് തെറിച്ചുവീഴുകയും സ്കൂട്ടർ ലോറിക്കടിയിൽപ്പെടുകയുമായിരുന്നു.
ഗുരുതരമായ പരിക്കേറ്റ അനീഷിനെ നാട്ടുകാർ സെന്റ് ജയിംസ് ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
റോഡിൽ കത്തിക്കൊണ്ടിരുന്ന മിനിലോറിയിലെ തീ പിന്നീട് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് അണച്ചത്. ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും തീപിടിത്തമുണ്ടായയുടനെ ലോറിയിൽനിന്നിറങ്ങി രക്ഷപ്പെട്ടു.
സിഗ്നൽ ജംഗ്ഷനിലെ ഗതാഗതം പോലീസ് സർവീസ് റോഡ് വഴി തിരിച്ചുവിട്ടാണ് നിയന്ത്രിച്ചത്. അനീഷിന്റെ സംസ്കാരം ഇന്നു രാവിലെ 10നു നഗരസഭ ക്രെമറ്റോറിയത്തിൽ. അവിവാഹിതനാണ്. അമ്മ: പദ്മിനി. സഹോദരങ്ങൾ: അനി, അജീഷ്.