ഭക്തലക്ഷങ്ങൾ ആറ്റുകാൽ പൊങ്കാല അർപ്പിച്ചു
Friday, March 14, 2025 12:04 AM IST
തിരുവനന്തപുരം: പ്രാർഥനകളുടെ പകലിൽ പൊങ്കാലയുടെ പുണ്യം നുകർന്ന് ഭക്തലക്ഷങ്ങൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചു. കുംഭ മാസത്തിലെ കത്തുന്ന പകൽച്ചൂടിൽ അടുപ്പുകളിൽ ആത്മദുഃഖങ്ങൾ അഗ്നിയായെരിഞ്ഞു. രാവിലെ 9.45 ന് ക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിച്ചത്.
ശ്രീകോവിലിൽ നിന്നും തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് പകർന്നു നൽകിയ ദീപം മേൽശാന്തി വി.മുരളീധരൻ നന്പൂതിരി തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ കത്തിച്ചു. തുടർന്ന് അതേ ദീപം അദ്ദേഹം സഹമേൽശാന്തിമാർക്ക് കൈമാറി. തുടർന്ന് മേൽശാന്തിയും സഹശാന്തിയും ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ തീ പകർന്നു.
ഒപ്പം കതിനാവെടികളും വായ്ക്കുരവയും ചെണ്ടമേളവും മുഴങ്ങി. ആറ്റുകാൽ ക്ഷേത്ര പരിസരത്തും ക്ഷേത്രത്തിന് പത്തു കിലോമീറ്റർ ചുറ്റളവിലും നിരന്ന ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിൽ അഗ്നി ജ്വലിച്ചു. പ്രാർഥനാ മന്ത്രങ്ങളാൽ മുഖരിതമായ അനന്തപുരി ഭക്തിയുടെ തലസ്ഥാനമായി.
നെയ്പായസം, വെള്ളച്ചോറ്, തെരളി, മണ്ടപ്പുറ്റ് തുടങ്ങി വിവിധ നിവേദ്യങ്ങളാണ് മണ്കലങ്ങളിൽ തിളച്ചത്. പിന്നെ പൊങ്കാല നിവേദിക്കുന്നതിനായുള്ള കാത്തിരിപ്പ്. ഉച്ചയ്ക്ക് 1.15 ന് ക്ഷേത്ര പൂജാരി പണ്ടാര അടുപ്പിലെ പൊങ്കാല നിവേദിച്ചു. ഈ സമയം വ്യോമസേന ഹെലികോപ്ടർ പുഷ്പവൃഷ്ടി നടത്തി.
തുടർന്ന് ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ച 350 ഓളം ശാന്തിക്കാർ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കമുകിൻപൂക്കുലയിൽ മുക്കിയ തീർഥം വിതറി പൊങ്കാല നിവേദ്യം നടത്തി. പിന്നീട് മടക്കയാത്രയുടെ തിരക്കായിരുന്നു. ആത്മസമർപ്പണത്തിന്റെ ആ അത്ഭുത കാഴ്ചയ്ക്ക് നഗരം സാക്ഷ്യം വഹിച്ചു.
രാത്രി 7.30ന് കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് ആരംഭിച്ചു. രാത്രി 11.15ന് ദേവിയുടെ മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് ആരംഭിച്ചു. ഇന്നു രാവിലെയാണ് തിരിച്ചെഴുന്നെള്ളത്ത്. രാത്രി 10ന് കാപ്പഴിക്കൽ. തുടർന്ന് നടക്കുന്ന ഗുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിനു സമാപനമാകും.
മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ കുഴഞ്ഞു വീണ മുൻമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അന്തരിച്ചു. മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പ്രൈവറ്റ് സെക്രട്ടറിയും സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ റിട്ട. സ്പെഷൽ സെക്രട്ടറിയുമായ ജി. രാജേശ്വരി (66)യാണ് അന്തരിച്ചത്.
തിരുവനന്തപുരം ഗാന്ധാരി അമ്മൻകോവിലിനു സമീപത്തെ വാടക വീട്ടിൽ ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ രാജേശ്വരിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണമടയുകയായിരുന്നു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ മുൻ നേതാവും സെക്രട്ടേറിയറ്റ് വനിതാവേദിയുടെ മുൻ പ്രസിഡന്റുമായിരുന്നു രാജേശ്വരി.
2011- 16 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പട്ടിക വർഗക്ഷേമ വകുപ്പു മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു രാജേശ്വരി.