ഒമ്പതു വയസുകാരി ചികിത്സയ്ക്കിടെ എച്ച്ഐവി ബാധിതയായ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി
Friday, March 14, 2025 1:49 AM IST
കൊച്ചി: രക്താര്‍ബുദം ബാധിച്ച ഒമ്പത് വയസുകാരി ചികിത്സയ്ക്കിടെ എച്ച്ഐവി ബാധിതയായ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. സംഭവത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കാന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു.
തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ചികിത്സയുടെ ഭാഗമായി നല്കിയ രക്തത്തില്‍നിന്നാണ് കുട്ടി എച്ച്ഐവി ബാധിതയായത്. 2018ല്‍ കുട്ടി മരിച്ചു. തുടര്‍ന്ന് പിതാവാണ് നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചത്.
നഷ്ടപരിഹാരം സംബന്ധിച്ച് ചീഫ് സെക്രട്ടറിയോ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ മൂന്നാഴ്ചക്കകം നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്റെ നിര്‍ദേശം.
രക്താര്‍ബുദ ബാധിതയായ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നാണ് തിരുവനന്തപുരം ആര്‍സിസിയിലേക്ക് കൊണ്ടുപോയത്. അവിടെയെത്തി ആദ്യം നടത്തിയ പരിശോധനകളില്‍ എച്ച്ഐവി നെഗറ്റീവായിരുന്നു. 49 തവണ കുട്ടിക്ക് ചികിത്സയുടെ ഭാഗമായി രക്തം നല്കി.
രക്തം നല്കിയ ഒരാള്‍ എച്ച്ഐവി ബാധിതനായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. പിന്നീട് കുട്ടിയും എച്ച്ഐവി പോസിറ്റീവായി. പരിശോധനയ്ക്ക് അന്ന് ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യ എച്ച്ഐവി ബാധ ഉടനടി കണ്ടെത്താന്‍ പര്യാപ്തമായിരുന്നില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.