ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ്; " വിപിന്‍ കാര്‍ത്തിക് ഐപിഎസ് ’അറസ്റ്റില്‍
Friday, March 14, 2025 1:49 AM IST
കൊച്ചി: ഐപിഎസ് ഉദ്യോഗസ്ഥന് ചമഞ്ഞ് യുവതിയില്‍നിന്നു പണവും കാറും തട്ടിയെടുത്ത കേസിലെ പ്രതി കൊച്ചിയില്‍ പിടിയിലായി. മലപ്പുറം ചേലേമ്പ്ര സ്വദേശി വിപിന്‍ കാര്‍ത്തിക്(31) ആണ് ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊച്ചിയില്‍ അറസ്റ്റിലായത്.
പ്രതി കൊച്ചിയിൽ എത്തിയിട്ടുണ്ടെന്ന വിവരം ബംഗളൂരു പോലീസ് കളമശേരി പോലീസിനു കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ ഇടപ്പള്ളി ലുലു മാളില്‍നിന്ന് സാഹസികമായാണ് പോലീസ് പ്രതിയെ പിടികൂടിയത്.
ഐപിഎസുകാരനാണെന്നു പറഞ്ഞ് പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുന്ന പ്രതി അവരുമായി പ്രണയത്തിലാകുകയും അവരെ കബളിപ്പിച്ച് പണവും മറ്റും കൈക്കലാക്കി കടന്നുകളയുകയുമാണ് ചെയ്തിരുന്നത്.
ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയുവതിയെ ഇപ്രകാരം വിവാഹവാഗ്ദാനം നല്കി പണവും വാഹനങ്ങളും കൈവശപ്പെടുത്തിയശേഷം തനിക്കു കാന്‍സറാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് വിവാഹത്തില്‍നിന്നു പിന്മാറാന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതിക്കെതിരേ യുവതി ബംഗളൂരു സിറ്റി പോലീസ് പരിധിയിലുള്ള കൊടുകോടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതി നിരവധി ആളുകളില്‍നിന്ന് വ്യാജരേഖ ചമച്ചു വായ്പ തട്ടിയെടുക്കുകയും വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പല ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് തട്ടിപ്പു നടത്തുകയും ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു.
ഇയാളുടെ പക്കല്‍നിന്ന് ഫോണ്‍, ലാപ്ടോപ്, പണം എന്നിവ പോലീസ് പിടിച്ചെടുത്തു. ഇയാൾക്കെതിരേ കേരളത്തിലും ബംഗളൂവിലുമായി ഡസനോളം കേസുകള്‍ നിലവിലുണ്ട്. കളമശേരി പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ബംഗളൂരു പോലീസിനു കൈമാറി.