പത്തനാപുരം ഗാന്ധിഭവന് ഒരു കോടി രൂപ കൈമാറി എം.എ. യൂസഫലി
Friday, March 14, 2025 12:04 AM IST
കൊല്ലം: റംസാന് നോമ്പുകാലത്ത് പത്തനാപുരം ഗാന്ധിഭവന് വീണ്ടും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സ്നേഹസഹായം. ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി ഒരു കോടി രൂപയുടെ സഹായം കൈമാറി. എല്ലാവര്ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സയ്ക്കുമായാണ് തുക കൈമാറിയത്.
1500ഓളം അന്തേവാസികളാണു പത്തനാപുരം ഗാന്ധിഭവനിലുള്ളത്. ഭക്ഷണം, മരുന്നുകള്‍, ആശുപത്രി ചികിത്സ, വസ്ത്രം, സേവനപ്രവര്‍ത്തകരുടെ വേതനം, മറ്റു ചെലവുകള്‍ ഉള്‍പ്പെടെ പ്രതിദിനം മൂന്നു ലക്ഷം രൂപയിലധികം ചെലവുണ്ട്. റംസാന് കാലത്തും തുടര്‍ന്ന് ഒരു വര്‍ഷത്തേക്കുമുള്ള ഭക്ഷണത്തിനും ചികിത്സയ്ക്കുമായാണ് ഒരു കോടി രൂപയുടെ സഹായം ഓരോ വര്‍ഷവും ഗാന്ധിഭവന് യൂസഫലി നല്‍കിവരുന്നത്.
എം.എ. യൂസഫലിക്കുവേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി ഇ.എ. ഹാരിസ്, ലുലു ഗ്രൂപ്പ് റീജണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍. ബി. സ്വരാജ് എന്നിവര്‍ ഗാന്ധിഭവനിലെത്തിയാണ് ഒരു കോടി രൂപയുടെ ഡിഡി കൈമാറിയത്.
ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മമാരും സെക്രട്ടറി പുനലൂര്‍ സോമരാജനും ഡിഡി ഏറ്റുവാങ്ങി. ഫെയര്‍ എക്സ്പോര്‍ട്സ് ജനറല്‍ മാനേജര്‍ മുഹമ്മദ് റാഫി, തിരുവനന്തപുരം ലുലു മാള്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ സൂരജ് അനന്തകൃഷ്ണന് എന്നിവരും ഒപ്പമുണ്ടായിരുന്നു.