പൂജാരിയെ ഹണി ട്രാപ്പിൽ കുടുക്കിയ രണ്ടുപേർ അറസ്റ്റിൽ
Friday, March 14, 2025 12:04 AM IST
ചിറ്റൂർ: കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീടു കേന്ദ്രീകരിച്ചുനടത്തിയ ഹണി ട്രാപ്പ് കവർച്ചയിൽ മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡല്ലൂർ താമസിക്കുന്ന മൈമുന (44), കുറ്റിപ്പള്ളം പാറക്കാൽ എസ്. ശ്രീജേഷ് (24) എന്നിവരെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. ബുധനാഴ്ച ഉച്ചയോടെയാണു സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്.
മറ്റു പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായി കൊഴിഞ്ഞാമ്പാറ പോലീസ് അറിയിച്ചു.കവർച്ചയുടെ മുഖ്യ ആസൂത്രകൻ പ്രതീഷാണെന്നാണു സൂചന.
പോലീസിനെ കണ്ട് ഭയന്നോടിയ പ്രതികളിലൊരാളായ ജിതിൻ വീണു കാലിനു പരിക്കുപറ്റി വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പിടിയിലായ മൈമുനയെ കൂടാതെ മറ്റൊരു വനിതയടക്കം പത്തുപേർ ഹണി ട്രാപ്പ് സംഘത്തിൽ ഉണ്ടായിരുന്നുവെന്നു ചിറ്റൂർ ഡിവൈഎസ്പി വി.എ. കൃഷ്ണദാസ് പറഞ്ഞു.
മീനാക്ഷിപുരം സിഐ എം. ശശിധരൻ, കൊഴിഞ്ഞാമ്പാറ ഗ്രേഡ് എസ്ഐമാരായ എം. മുഹമ്മദ് റാഫി, എം. നാസർ, എഎസ്ഐ എൻ. സൈറാബാനു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം. കലാധരൻ, സി. രവീഷ്, ആർ. രതീഷ്, എച്ച്. ഷിയാവുദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്.
ഫോറൻസിക് സയന്റിഫിക് ഓഫീസർ കെ. അനുപമ, വിരലടയാളവിദഗ്ധരായ ആർ. രാജേഷ് കുമാർ, ഫോട്ടോഗ്രാഫർ ഇജാസ് അഹമ്മദ് എന്നിവർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.