വയനാട് പുനരധിവാസം ; നെടുമ്പാല എസ്റ്റേറ്റ് ആദ്യഘട്ടത്തില്‍ ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍
Friday, March 14, 2025 1:49 AM IST
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഇപ്പോള്‍ ഏറ്റെടുക്കുന്നില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയിൽ.
നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭൂമി ഇപ്പോള്‍ ഏറ്റെടുക്കില്ലെന്നാണ് അറിയിച്ചത്. ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി കല്പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമിയിലാണ് ആദ്യഘട്ടമായി മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഹാരിസണ്‍സ് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റും അപ്പീല്‍ നല്‍കിയെങ്കിലും ഈ ഹര്‍ജി കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ എത്താതിരുന്നതിനാല്‍ ഒരു ഹര്‍ജി മാത്രമാണു ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണനയ്ക്കെടുത്തത്.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമേ ഭൂമി ഏറ്റെടുക്കാന്‍ കഴിയൂവെന്നതാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവയ്ക്കാമെന്നതായിരുന്നു സര്‍ക്കാര്‍ നിലപാടെങ്കിലും സിംഗിള്‍ ബെഞ്ച് മറിച്ചുള്ള നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കം സിവില്‍ കോടതിയുടെ പരിഗണനയിലിരിക്കേ, തുക എസ്റ്റേറ്റ് ഉടമകള്‍ക്കു കൈമാറുന്നത് സുരക്ഷിതമാണോ എന്നതടക്കം കോടതി നേരത്തേ ആരാഞ്ഞിരുന്നു. ഇക്കാര്യത്തിലടക്കം നിലപാട് അറിയിക്കാനായാണ് അപ്പീലുകള്‍ മാറ്റിയിരിക്കുന്നത്.
അതേസമയം, പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതു തടയില്ലെന്ന് ഡിവിഷന് ബെഞ്ചും പുനരധിവാസത്തിന് എതിരല്ലെന്ന് ഹര്‍ജിക്കാരും വ്യക്തമാക്കി.