അച്ചാറില്‍ അമിത രാസവസ്തു; കടയുടമയ്ക്കും നിര്‍മാതാവിനും പിഴ
Friday, March 14, 2025 12:04 AM IST
കാസര്‍ഗോഡ്: അനുവദനീയമായ അളവിനേക്കാള്‍ കൂടുതല്‍ രാസവസ്തു അടങ്ങിയ അച്ചാര്‍ വിറ്റ കടയുടമയ്ക്കും നിര്‍മാതാവിനും കാസര്‍ഗോഡ് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് പിഴശിക്ഷ വിധിച്ചു.
കാസര്‍ഗോട്ടെ മെട്രോ റീട്ടെയിലേഴ്സ് എന്ന കടയില്‍നിന്ന് വാങ്ങിയ കണ്ണിമാങ്ങ അച്ചാറില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ പ്രിസര്‍വേറ്റീവ് ആയ ബെന്‍സോയേറ്റ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
മെട്രോ റീട്ടെയിലേഴ്സ് കടയുടെ ഉടമകളായ കോഴിക്കോട് സ്വദേശി എം.നിമേഷ്, കണ്ണൂര്‍ സ്വദേശി സി.എച്ച്. മുഷീര്‍ എന്നിവര്‍ക്ക് 5000 രൂപ വീതവും അച്ചാര്‍ നിര്‍മാതാക്കളായ ഇടുക്കിയിലെ കെജിഇഇഎസ് ഫൈന്‍ ഫുഡ്സിന്റെ ഉടമ സജിനി സാജന് 25,000 രൂപയും പിഴയാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം തടവ് അനുഭവിക്കണം.