വയനാട് ഉരുൾപൊട്ടൽ ; ദുരന്തബാധിതർക്കുള്ള സർക്കാർ പാക്കേജിൽ തത്കാലം മാറ്റമില്ല
Friday, March 14, 2025 12:04 AM IST
കൽപ്പറ്റ: വയനാട് ഉരുൾദുരന്ത ബാധിതരുടെപുനരധിവാസത്തിന് പ്രഖ്യാപിച്ച പാക്കേജിൽ സർക്കാർ താത്കാലം മാറ്റം വരുത്തില്ല.
കൽപ്പറ്റ എൽസ്റ്റൻ എസ്റ്റേറ്റിൽ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിൽ 10 സെന്റിൽ വീട്, ടൗണ്‍ഷിപ്പിനു പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഓരോ കുടുംബത്തിനും 40 ലക്ഷം രൂപ എന്നിങ്ങനെ ദുരന്തബാധിതർ ഉന്നയിക്കുന്ന ആവശ്യങ്ങൾ സഫലമാകില്ല.
ഉരുൾപൊട്ടലിൽ പാലങ്ങളും റോഡുകളും തകർന്നതുമൂലം ഒറ്റപ്പെട്ട പുഞ്ചരിമട്ടം, പടവെട്ടിക്കുന്ന്, റാട്ടപ്പാടി, ചൂരൽമല എച്ച്എസ്എസ് റോഡ് എന്നിവിടങ്ങളിലെ കുടുംബങ്ങൾക്ക് പുനരധിവാസ ഭവന പദ്ധതിയിൽ ഇടം കിട്ടാനിടയില്ല.
ടൗണ്‍ഷിപ്പിൽ ഓരോ കുടുംബത്തിനും ഏഴു സെന്റിൽ വീട് എന്നതാണ് സർക്കാരിന്റെ തീരുമാനമെന്നു റവന്യു മന്ത്രി കെ. രാജൻ വയനാട് പ്രസ്ക്ലബിൽ ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടിയിൽ വ്യക്തമാക്കി. ടൗണ്‍ഷിപ്പിന് എൽസ്റ്റൻ എസ്റ്റേറ്റിൽ 75 ഹെക്ടർ ഭൂമി ഏറ്റെക്കുന്ന സാഹചര്യത്തിൽ ഓരോ കുടുംബത്തിനും 10 സെന്റ് വീതം ഭൂമി അനുവദിക്കാവുന്നതല്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഭവന പദ്ധതി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടതിൽ ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാൻ താത്പര്യപ്പെടുന്നവർക്ക് 15 ലക്ഷം രൂപയാണ് അനുവദിക്കുകയെന്നു മന്ത്രി വ്യക്തമാക്കി. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടതിൽ സന്നദ്ധസംഘടനകളും മറ്റും നിർമിച്ചുനൽകുന്ന വീടുകളിൽ താമസമാക്കുന്ന കുടുംബങ്ങൾക്കും 15 ലക്ഷം രൂപ വീതം നൽകും.
സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസൃതമായാണു ടൗണ്‍ഷിപ്പ് ഗുണഭോക്തൃ പട്ടികകൾ തയാറാക്കിയതെന്നു മന്ത്രി പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കാണു ഭവനപദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള നിയമപരമായ അവകാശം. ആദ്യം പ്രസിദ്ധപ്പെടുത്തിയ പട്ടികയിൽ പേരുകളിൽ വന്ന ഇരട്ടിപ്പ് ഗുരുതരമായ തെറ്റാണ്. താൻ ഉൾപ്പെടെ ഇടപെട്ട് അതു തിരുത്തി.
രണ്ട് എ, രണ്ട് ബി കരട് പട്ടികകളിൽ പരിശോധന പൂർത്തിയായി. അന്തിമ പട്ടിക വൈകാതെ പ്രഖ്യാപിക്കും. പട്ടികകളുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ തീരുമാനം ഉടനുണ്ടാകും. അർഹതയുള്ള മുഴുവൻ കുടുംബങ്ങളും ഭവനപദ്ധതി ഗുണഭോക്തൃ പട്ടികകളിൽ ഉൾപ്പെട്ടില്ലെന്ന ആക്ഷേപം സർക്കാരിന്റെ ശ്രദ്ധയിലുണ്ട്. തുറന്ന മനസോടെയാണ് ദുരന്തബാധിതരോടുള്ള സർക്കാർ സമീപനം.
ഉരുൾപൊട്ടലിനെത്തുടർന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കായി എട്ട് റോഡുകളുടെ നിർമാണം തീരുമാനിച്ചിട്ടുണ്ട്. ചൂരൽമലയിൽ 38 കോടി രൂപ ചെലവിൽ പാലം നിർമിക്കും. മുട്ടിൽ-മേപ്പാടി റോഡ് 60 കോടി രൂപ ചെലവിൽ മെച്ചപ്പെടുത്തും. ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലുള്ളവരുടെ മുഖ്യപ്രശ്നം റോഡുകളുടെയും മറ്റും നിർമാണം പൂർത്തിയാകുന്നതോടെ അകലും. ദുരന്തപ്രദേശങ്ങളിൽ ഭൂഗർഭ കേബിൾ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കും. ദുരന്തത്തിൽ തകർന്ന ചൂരൽമല ടൗണ്‍ പുനർരൂപകല്പന ചെയ്യും.
ഉരുൾപൊട്ടി പുന്നപ്പുഴയിൽ അടിഞ്ഞ മണ്ണും കല്ലും മരങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തി ഏപ്രിലിൽ ആരംഭിക്കും. ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റവരുടെ തുടർ ചികിത്സച്ചെലവ് സർക്കാർ വഹിക്കും. ഉറ്റവരെയെല്ലാം നഷ്ടമായി ഒറ്റപ്പെട്ടുപോയവർക്ക് ജോലി നൽകുന്നതിനെക്കുറിച്ച് ആലോചിക്കും. ദുരന്തബാധിത കുടുംബങ്ങളിലെ രണ്ടു പേർക്ക് ദൈനംദിന ചെലവിന് 300 രൂപ വീതം മൂന്നു മാസത്തേക്ക് അനുവദിച്ചത് തുടരും.
ഉരുൾപൊട്ടലിൽ കെട്ടിടങ്ങൾ നശിച്ചവരെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കില്ല. ദുരന്തപ്രദേശത്ത് 779 കുടുംബങ്ങളിലായി 1,207 പേർക്ക് 30.62 കോടി രൂപയാണ് കടം. ഇത് എഴുതിത്തള്ളുന്നതിലെ കാലതാമസത്തിന് കേന്ദ്ര സർക്കാരിനാണ് ഉത്തരവാദിത്വം.
ഒരു ചതുരശ്ര കിലോമീറ്ററിൽ 298 പേരുടെ മരണത്തിന് ഇടയാക്കിയ പുഞ്ചിരിമട്ടം ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി വളരെ വൈകി പ്രഖ്യാപിച്ചത് ഒഴിച്ച് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച ആവശ്യങ്ങളോട് കേന്ദ്രം മുഖംതിരിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു കൂടെ ഉണ്ടായിരുന്നു. പ്രസ്ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോമോൻ ജോസഫ് സ്വാഗതം പറഞ്ഞു.