യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് ഗവര്‍ണര്‍ക്ക് പരാതി നല്കി
Friday, March 14, 2025 12:04 AM IST
കോട്ടയം: നിര്‍ദിഷ്ട സ്വകാര്യ സര്‍വകലാശാലാ ബില്ലിലെ യുജിസി ചട്ടലംഘനം ചൂണ്ടിക്കാട്ടി ഫെഡറേഷന് ഓഫ് ഓള് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് ഗവര്‍ണര്‍ക്ക് പരാതി നല്കി.
പ്രൈവറ്റ് യൂണിവേഴ്സിറ്റികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് 2003ല്‍ പുറത്തിറക്കിയ യുജിസി റെഗുലേഷന് അനുസരിച്ച് സ്വകാര്യ സര്‍വകലാശാല ഒറ്റ ക്യാമ്പസില്‍ തന്നെ ആയിരിക്കണമെന്ന് കൃത്യമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ നിര്‍ദിഷ്ട സ്വകാര്യ സര്‍വകലാശാലാ ബില്ലില്‍ മള്‍ട്ടി കാമ്പസായി പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍ ആരംഭിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.
സര്‍വകലാശാലയുടെ ആസ്ഥാനത്തിനു വേണ്ടിയുള്ള പത്തേക്കര്‍ ഭൂമിയില്‍ ഒരു കാമ്പസ് സ്ഥാപിക്കണമെന്നും ബന്ധപ്പെട്ട റെഗുലേറ്ററി ബോഡികള്‍ അനുശാസിക്കുന്ന ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും മള്‍ട്ടി കാമ്പസില്‍ ഉണ്ടായാല്‍ മതിയെന്നുമാണ് സ്വകാര്യ സര്‍വകലാശാലാ ബില്ലിലെ വ്യവസ്ഥകള്‍. സ്പോണ്സറിംഗ് ഏജന്‍സികളുടെ കീഴിലുള്ള സ്വാശ്രയ കോളജുകളുടെ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും സര്‍വകലാശാലയ്ക്കായി പ്രയോജനപ്പെടുത്താം.
സര്‍ക്കാര്‍ അനുമതിയുണ്ടെങ്കില്‍ ആസ്ഥാനത്തിന് പുറത്തു ക്യാമ്പസ് സ്ഥാപിക്കാം. മള്‍ട്ടി ക്യാമ്പസ് എന്നതിന്റെ നിര്‍വചനം ബില്ലില്‍നിന്നും ബോധപൂര്‍വം ഒഴിവാക്കിയിട്ടുമുണ്ട്. ഓഫ് കാമ്പസ് സെന്ററുകളോ സ്റ്റഡി സെന്ററുകളോ പോലും സര്‍വകലാശാല പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു വര്‍ഷത്തിനുശേഷം മാത്രമേ യുജിസിയുടെ അനുമതിയോടെ ആരംഭിക്കാന്‍ കഴിയുകയുള്ളുവെന്നതാണു കേന്ദ്ര നിയമം.