കെ.കെ. കൊച്ച് നടത്തിയത് നീതിക്കും നിലനില്പിനും വേണ്ടിയുള്ള നിരന്തര പോരാട്ടം
Friday, March 14, 2025 12:04 AM IST
മാത്യു ആന്റണി
കോട്ടയം: “ബുദ്ധനും അംബേദ്കറുമൊക്കെ ചൂണ്ടിക്കാണിച്ച വഴികളിലൂടെ സഞ്ചരിച്ചുകൊണ്ട് ചിന്തയിലും ജീവിതാവബോധത്തിലും വലിയ കുതിച്ചുചാട്ടമാണ് കെ.കെ. കൊച്ചിനെപ്പോലുള്ളവർ നടത്തിയിട്ടുള്ളതെന്നു പറയാതിരിക്കാനാവില്ല’’.
കെ.കെ. കൊച്ചിന്റെ ആത്മകഥയുടെ ആമുഖത്തിൽ അദ്ദേഹത്തിന്റെ സഹോദരനും മറ്റൊരു ദളിത് ചിന്തകനുമായ കെ.കെ. ബാബുരാജ് എഴുതിയ വരികളാണിവ. കേരളീയ പൊതുമണ്ഡലത്തിൽ ദളിത് കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്തുകയും നീതിക്കും നിലനില്പിനും വേണ്ടി നിരന്തരം പോരാടുകയും എഴുതുകയും ചെയ്ത ദളിത് രാഷ്ട്രീയ ചിന്തകനായിരുന്നു കെ.കെ. കൊച്ച്. ദളിത് കീഴാള ജനസമൂഹത്തിന്റെ സമുദായബോധ ശക്തീകരണത്തിനും വികാസത്തിനും മികച്ച സംഭാവന അദ്ദേഹത്തിന്റേതായിട്ടുണ്ട്.
സണ്ണി എം. കപിക്കാട് നിരീക്ഷിച്ചതുപോലെ കെ.കെ. കൊച്ച് വളരെ കൃത്യമായി കേരളീയ സമൂഹത്തിന്റെ പുരോഗമന മുഖംമൂടിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ജാതീയവും അല്ലാത്തതുമായ വിവേചനബോധ്യങ്ങളെ തുറന്നുകാണിക്കുന്നതിന് എപ്പോഴും മുൻപന്തിയിൽനിന്നു പോരാടിയിട്ടുള്ള ഒരു ദളിത് ധൈഷണികനാണ്. ദളിത് രാഷ്ട്രീയ പ്രവർത്തനങ്ങൾ അടിസ്ഥാനപരമായി ഒരു വൈജ്ഞാനിക പ്രവർത്തനം കൂടിയാണെന്നും അത്തരം വൈജ്ഞാനിക അടിത്തറ ഇല്ലാത്ത പ്രവർത്തനംകൊണ്ട് ദളിതർക്ക് മുന്നോട്ടുപോകാൻ ആവില്ലെന്നും അദ്ദേഹം കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തി.
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ അദൃശ്യരാകുന്ന ദളിതരുടെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു എഴുത്തിനെ കൊച്ച് കണ്ടിരുന്നത്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്കൊരു ചരിത്രപാഠം, ഇടതുപക്ഷമില്ലാത്തകാലം, ദലിത് സമുദായ വാദവും സാമുദായിക രാഷ്ട്രീയവും, ദലിതൻ(ആത്മകഥ), കേരളചരിത്രവും സാമൂഹിക രൂപീകരണവും, വായനയുടെ ദലിത് പാഠം, കലാപവും സംസ്കാരവും തുടങ്ങിയവയാണ് പ്രധാന കൃതികൾ. പൊതുബോധത്തിന്റെ മാനവികാംശം അർഹിക്കുന്ന കുറേ പച്ചമനുഷ്യരുടെ ജീവിതരേഖകൂടിയാണ് ആത്മകഥയായ ‘ദലിതൻ’.
പ്രത്യയശാസ്ത്രപരമായ ധാരണയും കൃത്യതയുമില്ലാത്ത ചില രാഷ്ട്രീയ അജണ്ടകളുടെ ദളിത് ഐക്യപ്പെടലുകളെ തള്ളിപ്പറയാനും കെ.കെ. കൊച്ച് ധീരതകാട്ടി. അതിൽ പ്രധാനപ്പെട്ടതാണ് പൊളിറ്റിക്കൽ ഇസ്ലാമിന്റെ കാര്യനിർവാഹകരായ ജമാഅത്തെ ഇസ്ലാമിയുടെ ദളിത് പക്ഷപാതിത്വത്തോടുള്ള വിമർശനാത്മക സമീപനം.
അതെക്കുറിച്ചുള്ള കൊച്ചിന്റെ നിലപാടിങ്ങനെയാണ്: “ദളിത് മുസ്ലിം ഐക്യരാഷ്ട്രീയത്തെ പ്രത്യയശാസ്ത്രപരമായി സമീപിക്കാതെ സാങ്കേതികമായാണ് ജമാഅത്തെ ഇസ്ലാമി കണ്ടത്. അത്തരം സാങ്കേതിക കാഴ്ചപ്പാടിലൂടെയൊന്നും ഒരു സാമൂഹിക രാഷ്ട്രീയ മുന്നേറ്റം സാധ്യമല്ല. അവരൊരു സിദ്ധാന്തവുമായി വന്ന് കുറേ ദളിത് സ്നേഹം പറഞ്ഞാലൊന്നും അതിനെ ആരും അംഗീകരിക്കാൻ പോകുന്നില്ല’’.
സാമൂഹ്യ മാധ്യമങ്ങളെ തന്റെ നിലപാടുതറയുടെ വിപുലീകരണത്തിനും പ്രചാരണത്തിനുമായി കെ.കെ. കൊച്ച് സമർത്ഥമായി ഉപയോഗിച്ചിരുന്നു. അങ്ങേയറ്റം ആക്ഷേപകരവും പ്രകോപനപരവുമായ അഭിപ്രായപ്രകടനങ്ങളോടുപോലും സമചിത്തതയോടെ പ്രതികരിക്കാനും തന്റെ ബോധ്യങ്ങൾ വ്യക്തമാക്കാനും അദ്ദേഹം ശ്രദ്ധകാട്ടി.
താൻ എല്ലാവരുമായും സംവാദാത്മകമായ മെച്ചപ്പെട്ട ഒരു സാമൂഹിക രാഷ്ട്രീയ ബന്ധം മാത്രമാണ് നിലനിർത്തുന്നത് എന്നതായിരുന്നു കൊച്ചിന്റെ സമീപനം.അംബേദ്കർ ചിന്തകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ജാതി വ്യവസ്ഥയെ വിശകലനം ചെയ്യാനും രാഷ്ട്രീയമായ ചോദ്യങ്ങൾ ഉന്നയിക്കാനും കെ.കെ. കൊച്ച് ബദ്ധശ്രദ്ധനായിരുന്നു. ഇത്തരം ചോദ്യങ്ങൾ ഉയരാത്തിടത്തോളം കാലം വിമോചനം അകലെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു..