"നിങ്ങളുടെ ഹൃദയത്തിന്റെ കണ്ണുകള്‍ പ്രകാശിതങ്ങളാകട്ടെ'; ഗാന്ധിജിയുടെ തിരുനക്കര പ്രസംഗത്തിന് നൂറുതികയുന്നു
Friday, March 14, 2025 12:04 AM IST
കോട്ടയം: 1925 മാര്‍ച്ച് 15ന് മഹാത്മാഗാന്ധി തിരുനക്കര മൈതാനത്ത് നടത്തിയ പ്രസംഗം:
ഈ കോട്ടയം പട്ടണം തിരുവിതാംകൂറിലുള്ള മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ക്രിസ്ത്യാനികള്‍ക്ക് വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണെന്ന് എനിക്കറിയാം.
ഇന്ത്യയുടെ ഉത്ഥാരണത്തിനായുള്ള എന്റെ കാര്യപരിപാടിയില്‍ ക്രിസ്ത്യാനികള്‍ക്ക് ചേരുവാന്‍ പാടില്ലാത്തതായി യാതൊന്നും തന്നെയില്ല. വൈക്കത്തെ സത്യഗ്രഹത്തില്‍ എനിക്ക് അതിയായ താത്പര്യമുണ്ട്. തീണ്ടലും തൊടീലൂം ഹിന്ദു മാര്‍ഗത്തിന്റെ ഒരു ഭാഗമേ അല്ല. നേരേ മറിച്ച് ഹിന്ദു മാര്‍ഗത്തെ മലിനപ്പെടുത്തുന്ന ഒരു കുറവാണത്.
നിങ്ങളുടെ മഹാറാണി റീജന്റ്് തിരുമേനിയേയും ദിവാന്‍ജിയേയും ഞാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഈക്കാര്യത്തില്‍ അവര്‍ക്ക് വളരെ താത്പര്യമാണെന്നും സവര്‍ണഹിന്ദുക്കളുടെ വിരോധം ഇല്ലാതാക്കിയാല്‍ വഴി തുറന്നു കൊടുക്കുന്നതിന് അവര്‍ക്ക് വിരോധമില്ലെന്നും മാത്രമല്ല സവര്‍ണ ഹിന്ദുക്കളുടെ ഈ മനസ്ഥിതിയെ മാറ്റുന്നതിന് അവര്‍ക്ക് കഴിവുള്ളതുപോലെ ശ്രമിക്കാമെന്നുകൂടി പ്രസ്താവിക്കുകയുണ്ടായി.
സവര്‍ണ ഹിന്ദുക്കള്‍ ഈ കാര്യത്തെപ്പറ്റി ഗാഢമായി ആലോചിക്കുകയും ഈ കാര്യത്തില്‍ മുഴുവനായി സഹകരിക്കുകയും ചെയ്യണമെന്ന് ഞാന്‍ അവരോട് അപേക്ഷിക്കുന്നു. മധുവര്ജനത്തെ പറ്റി ഈ നാളില്‍ നിങ്ങള്‍ ചെയ്യുന്ന സംഗതികള്‍ കുറെയൊക്കെ അറിയുന്നതിന് എനിക്ക് ഇടയായിട്ടുണ്ട്.
വളരെ ആസക്തി കാണിക്കുന്ന ആളുകളെ കണ്ടു പിടിക്കുകയും അതിന് ഉപദേശ പൂര്‍വമായ പ്രതിവിധി ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യണം. ഖദര്‍ ധരിക്കുന്നതിനെക്കുറിച്ച് ഞാന്‍ വിശേഷാല്‍ നിങ്ങളോട് പറയേണ്ടതില്ല. തിരുവിതാംകൂറില്‍ ഞാന്‍ വന്നതിനുശേഷം എനിക്ക് കിട്ടുന്ന മംഗള പത്രങ്ങളില്‍ എല്ലാംതന്നെ ഈക്കാര്യത്തെക്കുറിച്ച് നിങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇങ്ങനെയെല്ലാം നിങ്ങള്‍ പ്രസ്താവിക്കാറുണ്ടെങ്കിലും ഖദര്‍ ധരിച്ച് ഇക്കാര്യത്തെ പ്രായോഗികമായി തീര്‍ക്കണമെന്ന് എനിക്ക് അപേക്ഷയുണ്ട്. അവസാനമായി എനിക്ക് പറയാനുള്ളത് നമ്മുടെ നാട്ടില്‍ പല വകുപ്പുകള്‍ തമ്മില്‍ ഒരുമിച്ച് ജീവിക്കുന്നതിനേക്കുറിച്ചുള്ള പ്രയാസത്തെക്കുറിച്ചാണ്.
ഈ തിരുവിതാംകൂറില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുഹമ്മദീയരും മറ്റുള്ള ജാതിക്കാരും മതസൗര്ദമായി ജീവിക്കുന്നുണ്ടെന്ന് ഞാന്‍ അറിയുന്നു. ബാഹ്യമായ ഈ കാഴ്ചയെ വിട്ട് ഉള്ളിലേക്ക് പ്രവേശിച്ചാല്‍ പുറമേ കാണുന്നതുപോലെയുള്ള സ്വൈര്യം അകത്ത് ഉണ്ടെന്നു തോന്നുന്നില്ല.
ഇങ്ങനെയുള്ള വ്യത്യാസങ്ങള്‍ക്ക് ഇടയാകാതെ നിങ്ങളുടെ ഹൃദയത്തിന്റെ കണ്ണുകള്‍ പ്രകാശിതങ്ങളായിട്ട് ഇന്ത്യക്ക് ആവശ്യമുള്ള കാര്യങ്ങളെ സ്വയമേ കണ്ടറിയുന്നതിനു ദൈവം സഹായിക്കട്ടെ.