മകന്റെ ചവിട്ടേറ്റു പിതാവ് മരിച്ചു
Friday, March 14, 2025 1:49 AM IST
പെരുമ്പാവൂർ: മദ്യലഹരിയിലായിരുന്ന മകന്റെ ചവിട്ടേറ്റ പിതാവ് മരിച്ചു. പെരുമ്പാവൂർ ചേലാമറ്റം നാലുസെന്റ് കോളനിയിൽ കിഴക്കുംതല വീട്ടിൽ ജോണി (ഔസേഫ്-69) ആണു കൊല്ലപ്പെട്ടത്.
സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം പാളിയതോടെയാണു കൊലപാതക വിവരം പുറംലോകമറിഞ്ഞത്. സംഭവത്തിൽ മകൻ മെൽജോ (35) യെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ടിബി രോഗിയായ പിതാവിന് അനക്കമില്ലെന്നു പറഞ്ഞ് മെൽജോ സഹോദരിയെ വിളിച്ചുവരുത്തി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജോണി മരിച്ചു. പരിശോധനയിൽ അസ്വാഭാവികത തോന്നിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ജോണിയുടെ രണ്ട് വാരിയെല്ലുകൾ ഒടിഞ്ഞതായും കണ്ടെത്തി.
തുടർന്ന് പോലീസ് മെൽജോയെ ചോദ്യം ചെയ്തതോടെയാണു പിതാവുമായി വാക്കുതർക്കമുണ്ടായെന്നും ചവിട്ടിയെന്നും വെളിപ്പെടുത്തിയത്. മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്നും മെൽജോ പോലീസിനോട് സമ്മതിച്ചു. ജോണിയുടെ മൃതദേഹം സംസ്കരിച്ചു. ഭാര്യ: മേരി. മകൾ: മെൽജി. മരുമകൻ: ഷിജു.