ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസം: ജനകീയ ആക്ഷൻ കമ്മിറ്റി കളക്ടറേറ്റ് ഉപരോധിച്ചു
Friday, March 14, 2025 1:49 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ കൂട്ടായ്മയായ ചൂരൽമല ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ഉപരോധിച്ചു. ആധാർ, റേഷൻ കാർഡുകൾ പ്രതീകാത്മകമായി ജില്ലാ ഭരണകൂടത്തെ തിരിച്ചേൽപ്പിച്ചു.
പുനരധിവാസ പദ്ധതി ഗുണഭോക്തൃ പട്ടികയിൽ അർഹതയുള്ള മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തുക, ടൗണ്‍ഷിപ്പിൽ ഓരോ കുടുംബത്തിനും 10 സെന്റിൽ വീട് അനുവദിക്കുക, ടൗണ്‍ഷിപ്പിനു പുറത്ത് താമസിക്കാൻ താത്പര്യപ്പെടുന്ന കുടുംബങ്ങൾക്ക് 40 ലക്ഷം രൂപ വീതം ലഭ്യമാക്കുക, ഉരുൾപൊട്ടലിൽ തകർന്ന കെട്ടിടം ഉടമകൾക്ക് നഷ്ടപരിഹാരം നൽകുക, ദുരന്തത്തിൽ ഗുരുതര പരിക്കേറ്റവർക്ക് തുടർചികിത്സയ്ക്ക് സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പുതിയ ബസ്സ്റ്റാൻഡിനു സമീപം സംഘടിച്ച ദുരന്തബാധിതർ പ്രകടനമായാണ് സിവിൽസ്റ്റേഷൻ പരിസരത്ത് എത്തിയത്. രാവിലെ പത്തരയോടെ ആരംഭിച്ച സമരം ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അവസാനിച്ചത്. ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി ജില്ലാ കളക്ടറും റവന്യു മന്ത്രി കെ. രാജനും ചർച്ച നടത്തി. ആവശ്യങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
ആക്ഷൻ കമ്മിറ്റി കണ്‍വീനർ ഷാജിമോൻ ചൂരൽമല ഉദ്ഘാടനം ചെയ്തു. ചെയർമാൻ നസീർ ആലക്കൽ അധ്യക്ഷത വഹിച്ചു. കമ്മിറ്റി ഭാരവാഹികളായ യാക്കൂബ്, ഉസ്മാൻ ബാപ്പു, രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, ശിവദാസൻ വിനായക എന്നിവർ കളക്ടറേറ്റ് പടിക്കലെത്തി സമരത്തിന് പിന്തുണ അറിയിച്ചു.