നെഞ്ചുപിടയുന്ന നെല്‍കര്‍ഷകര്‍ക്ക് ആരുമില്ല തുണ
Friday, March 14, 2025 1:49 AM IST
കോട്ടയം: പാടശേഖരങ്ങള്‍ക്കു മുകളില്‍ കരിമേഘങ്ങള്‍ പടരുമ്പോള്‍ നെല്‍കര്‍ഷകരുടെ നെഞ്ചില്‍ ഇടിമുഴങ്ങും. നാലു വേനല്‍മഴകൂടി പെയ്താല്‍ പാടങ്ങളില്‍ വെള്ളം നിറയും, കൊയ്ത്തും മെതിയും ആശങ്കയിലാകും. കാലാവസ്ഥയുടെ ചതിവിനെക്കാള് കൊടുംചതിയാണ് മില്ലുകാരും ഉദ്യോഗസ്ഥരും ഇടനിലക്കാരും കര്‍ഷകരോട് ചെയ്തുകൊണ്ടിരിക്കുന്നത്.
കുട്ടനാട്, അപ്പര്‍കുട്ടനാട്, ഓണാട്ടുകര പ്രദേശങ്ങളിലെ 700 പാടശേഖരങ്ങളിലായി ഇരുപത്തായ്യായിരം ഹെക്ടറിലാണ് ഇക്കുറി പുഞ്ചക്കൃഷിയുള്ളത്. ഇത്രയും പാടങ്ങളിലെ വിളവെടുപ്പിന് 600 യന്ത്രങ്ങള്‍ വേണമെന്നിരിക്കെ ഇടനിലക്കാര്‍ എത്തിച്ചിരിക്കുന്നത് 240 യന്ത്രങ്ങള്‍ മാത്രം. ഒന്നര മാസം കഴിഞ്ഞാലും തീരില്ല കൊയ്ത്ത്. മഴ തുടര്‍ന്നാല്‍ നെല്ല് വീണ് ചെളിയില്‍ പുതഞ്ഞു കിളിര്‍ക്കും.
അയല്‍സംസ്ഥാനങ്ങളില്‍ കൊയ്ത്ത് യന്ത്രം മണിക്കൂറിന് വാടകക്കൂലി 1400 രൂപയാണെന്നിരിക്കെ അപ്പര്‍കുട്ടനാട്ടില്‍ 2100 രൂപ. സര്‍ക്കാരും സഹകരസംഘങ്ങളും ജില്ലാ പഞ്ചായത്തും വാങ്ങിയ നൂറിലേറെ കൊയ്ത്ത് യന്ത്രങ്ങള്‍ വിവിധ വകുപ്പുകളുടെ അനാസ്ഥയയില് തുരുമ്പെടുത്തുകൊണ്ടിരിക്കുന്നു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള യന്ത്രം ബ്രോക്കര്‍മാര്‍ മുഖേന എത്താതെ കൊയ്ത്ത് നടക്കില്ല. പാടശേഖര സമിതികള്‍ക്ക് നേരിട്ട് യന്ത്രം എത്തിക്കാന്‍ ബ്രോക്കര്‍മാര്‍ അനുവദിക്കുകയുമില്ല. നെല്ല് വാരി ചാക്കില്‍ നിറയ്ക്കാനും ചുമക്കാനും ലോഡ് ചെയ്യാനുമൊക്കെ തൊഴിലാളികള്‍ ഓരോ വര്‍ഷവും കൂലി കൂട്ടിക്കൊണ്ടിരിക്കുന്നു.
ഇത്തരത്തില്‍ നാലു വര്‍ഷത്തിനുള്ളില്‍ ചെലവ് 50 ശതമാനം വര്‍ധിച്ചിട്ടും കര്‍ഷകര്‍ക്കു ലഭിക്കുന്ന വില ഒരു കിലോയ്ക്ക് 28.20 രൂപ. മൂന്നു വര്‍ഷത്തിനിടെ കേന്ദ്രം നാലു തവണ വിഹിതം കൂട്ടിയപ്പോള്‍ സംസ്ഥാനം വിഹിതം രണ്ടു തവണ കുറച്ചു.
വെള്ളപ്പൊക്കം, മുഞ്ഞ, ഓലചുരുട്ടി, ഓരുജലം,വേലിയേറ്റം എന്നീ പ്രതികൂല ഘടകങ്ങളെ അതിജീവിച്ചാണ് വിളവെടുപ്പ്. അടുത്ത മാസം കര്‍ണാടകയിലും ആന്ധ്രയിലും കൊയ്ത്താരംഭിക്കും. യന്ത്രങ്ങള്‍ വരാതാകുകയോ വന്നതുമടങ്ങുകയോ ചെയ്താല്‍ കുട്ടനാട്ടില്‍ പുഞ്ച വെള്ളത്തിലാകും.
ഇടനിലക്കാര്‍ കൊള്ളസംഘം; ഓരോ മണി നെല്ലിനും കമ്മീഷന്
കോട്ടയം: കൈ നനയാതെ മീന്‍ പിടിക്കുന്ന കൊള്ളക്കാരാണ് ബ്രോക്കര്‍മാര്‍. വിത്തിനു മുതല്‍ വിളവിനുവരെ ശതമാനക്കണക്കില്‍ കമ്മീഷന് പറ്റുന്നവർ . കര്‍ഷകര്‍ കടമെടുത്ത് വിയര്‍ത്ത് അധ്വാനിച്ചു വിളയിക്കുന്ന ഓരോ കിലോ നെല്ലിനും ഇടനിലക്കാര്‍ക്ക് മില്ലുകാരുടെ കമ്മീഷനുണ്ട്. കിഴിവ് എന്ന പേരില്‍ ഓരോ ക്വിന്റലിനും രണ്ടും മൂന്നും കിലോ വീതം തൂക്കത്തില്‍ കുറവു വരുത്തുന്നത് ബ്രോക്കര്‍ക്കുള്ള മില്ലുകാരുടെ വിഹിതമാണ്. അതായത് ബ്രോക്കര്‍ക്കുള്ള കമ്മീഷന് കര്‍ഷകരില്‍ നിന്നും ഈടാക്കുന്ന തന്ത്രം.
ബ്രോക്കര്‍മാരും മില്ലുകാരും പാഡി ഓഫീസര്‍മാരും ചേര്‍ന്നുള്ള ഒത്തുകളിയും വീതം വയ്പ്പുമാണ് നെല്പാടങ്ങളില് കാലങ്ങളായുള്ളത്. വിത്തും വളവും കീടനാശിനിയും എത്തിക്കാനും ബ്രോക്കര്‍മാരുണ്ട്. ഉഴാനും വിതയ്ക്കാനും കൊയ്യാനും മെതിക്കാനും യന്ത്രങ്ങള്‍ എത്തിക്കുന്നതും ഇടനിലക്കാരാണ്. ഒരു മണിക്കൂര്‍ കൊയ്ത്ത് യന്ത്രത്തിന് 2100 രൂപ കര്‍ഷകര്‍ വാടക നല്കുന്നതില് 200 രൂപ കമ്മീഷനാണെന്ന് കര്‍ഷകര്‍ പറയുന്നു.
ഒരേക്കര്‍ പാടത്ത് കര്ഷകന് കിട്ടാവുന്ന പരമാവധി ലാഭം പതിനായിരം രൂപയാണ്. യാതൊരു ജോലിയും ചെയ്യാതെ നോക്കുകൂലി പോലെ ബ്രോക്കര്‍ പിഴിഞ്ഞെടുക്കുന്നത് ആയിരങ്ങള്‍. ഒരു സീസണിലെ കൊയ്ത്ത് കഴിയുമ്പോള്‍ ഒരു കോടിക്കു മേല്‍ കമ്മീഷന് കാശുപറ്റുന്ന ഇടനിലക്കാര്‍ പലരാണ്. കൊയ്ത്തിനു മുന്‍പുതന്നെ യന്ത്രങ്ങളുടെ എണ്ണവും വാടകയും ചുമട്ടുകൂലിയും നിശ്ചയിക്കാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സമയവും താല്പര്യവുമില്ല.
കര്‍ഷകരെ വിളിച്ചുകൂട്ടി കരാറുണ്ടാക്കാനും നടപടിയില്ല. കൊയ്ത്തിനു വേണ്ടിടത്തോളം യന്ത്രങ്ങളുടെയും മില്ലുകളുടെയും ക്രമീകരണം പൂര്‍ത്തിയാക്കാനും സമയബന്ധിത സംവിധാനമില്ല. ഈ സംവിധാനമുണ്ടാകാത്ത കാലത്തോളം കര്‍ഷകര്‍ കൊടുംചൂഷണത്തിന് ഇരകളായി നിന്നുകൊടുക്കേണ്ടിരും. കൊയ്ത്തുകാലം ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ചാകരയാണ്.
നെല്ല് വിറ്റിട്ട് മൂന്നുമാസം; ഇപ്പോഴുമുണ്ട് കുടിശിക 40 കോടി
കോട്ടയം: കര്‍ഷകര്‍ മൂന്നു മാസം മുന്‍പ് വിറ്റ വിരിപ്പു നെല്ലിന് കുടിശിക 40 കോടി രൂപ. ഈ തുക വാങ്ങിക്കൊടുക്കാനും കര്‍ഷകരുടെ നീറുന്ന പ്രശ്നം അവതരിപ്പിക്കാനും അപ്പര്‍കുട്ടനാട്ടില്‍ നേതാക്കളും ജനപ്രതിനിധികളുമില്ല. ഓരോ ഇലക്ഷനും പൊള്ളവാഗ്ദാനങ്ങള് നിരത്തുന്ന നേതാക്കള്‍ ദുരിതത്തിന് പരിഹാരം തേടാനോ വിറ്റ നെല്ലിന്റെ പണം വാങ്ങിക്കൊടുക്കാനോ മുന്നോട്ടിറങ്ങുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ വിറ്റ നെല്ലിന് വില കിട്ടാത്തവരും പലരാണ്.
സപ്ലൈകോയ്ക്ക് നെല്ല് തൂക്കിയെടുക്കുമ്പോള്‍ പാഡി ഓഫീസര്‍ നല്കുന്ന രസീത് ബാങ്കില്‍ നല്‍കിയശേഷം മാസങ്ങള്‍ കാത്തിരിക്കണം വില കിട്ടാന്‍. കര്‍ഷരുടെ ആധാരം വരെ ബാങ്കില്‍ പണയപ്പെടുത്തിയ സാഹചര്യത്തില്‍ മറ്റൊരു ലോണെടുക്കാനുള്ള സാഹചര്യവുമില്ല. നിലവില്‍ അപ്പര്‍ കുട്ടനാട്ടിലെ വിവിധ പാടങ്ങളിലായി രണ്ടായിരം ലോഡ് നെല്ലാണ് കെട്ടിക്കിടുക്കുന്നത്. സംഭരണത്തിന് വന്‍കിട 90 മില്ലുകാരുണ്ടായിരിക്കെ ഇവരെ എത്തിക്കാനോ സമയബന്ധിതമായി നെല്ല് കയറ്റിവിടാനോ ചുമതലക്കാരില്ല.
കൃഷിമന്ത്രി കാണുന്നില്ല കര്‍ഷകരുടെ നെടുവീര്‍പ്പ്
കൊയ്തുമെതിച്ച പതിനഞ്ച് ലോഡ് നെല്ല് കഴിഞ്ഞ ശനിയാഴ്ച മുതല്‍ പാടത്തു വാരിക്കൂട്ടിയിരിക്കുകയാണ്. ഇതേവരെ നെല്ലെടുക്കാന്‍ ഒരു കുത്തുമില്ലുകാരും വന്നില്ല. കല്ലറ മണിയന്തുരുത്ത് കുഴിപ്പടവ് 120 ഏക്കര്‍ പാടശേഖരസമിതിയിലെ നൂറിലേറെ കര്‍ഷകര്‍ ആശങ്കയിലാണ്്. കല്ലറ, തലയാഴം, ആര്‍പ്പൂക്കര, കുമരകം പാടശേഖരങ്ങളിലെല്ലാം നെല്ല് പാടത്തു കൂനകൂടുകയാണെന്ന് പാടശേഖര സമിതി പ്രസിഡന്റ് ജോഷി കുന്നുംപുറത്ത് പറഞ്ഞു.
നെല്ല് ഇന്നു കൈമാറണം; അന്ത്യശാസനവുമായി കര്‍ഷകർ
കോട്ടയം: കോട്ടയം കാഞ്ഞിരത്ത് ഇന്നലെ വൈകുന്നേരം യോഗം ചേര്‍ന്ന നെല്‍കര്‍ഷകര്‍ ഒരേ സ്വരത്തില്‍ തീരുമാനമെടുത്തു, മില്ലുകാര്‍ക്ക് ഒരു ഗ്രാം നെല്ല് പോലും കിഴിവ് നല്‍കില്ലെന്ന്.
കൊയത നെല്ല് ഇന്ന് ഉച്ചയോടെ സപ്ലൈകോ മില്ലുകാര്‍ക്ക് കൈമാറിയില്ലെങ്കില്‍ കര്‍ഷകരൊന്നാകെ കോട്ടയം പാഡി ഓഫീസിനു മുന്നില്‍ ഉപരോധവും പ്രതിഷേധവും നടത്തും. നെല്ല് നീക്കം ചെയ്യുന്നതുവരെ പ്രതിഷേധം തുടരും. ഇന്നലെ ഉച്ചകഴിഞ്ഞ കര്‍ഷക പ്രതിനിധികള്‍ പാഡി ഓഫീസിലെത്തി സാഹചര്യം വീണ്ടും വ്യക്തമാക്കിയിരുന്നു.
ഒരു കിലോ പോലും മില്ലുകാര്‍ക്ക് ഇളവു കൊടുക്കേണ്ടെന്ന് പാഡി ഓഫീസര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്കിയ ഉറപ്പ് പാലിക്കണമെന്നും മഴയ്ക്ക മുന്‍പ് നെല്ല് കൈമാറാതിരുന്നത് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണെന്നും ധരിപ്പിച്ചു.
ഇതിനുശേഷമാണ് കാഞ്ഞിരത്ത് പാടശേഖര പ്രതിനിധികള്‍ സമ്മളനം നടത്തി ശക്തമായ നിലപാടിലേക്ക് പോകാന്‍ തീരുമാനമെടുത്തത്.
നെല്ല് സംഭരണത്തിന് മില്ലുകാരെത്തുമെന്ന് കൃഷി ഓഫീസര്‍
കല്ലറ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ വിളവെടുത്ത നെല്ല് സംഭരണത്തിനായി ഉടൻതന്നെ മില്ലുകരെത്തുമെന്ന് കൃഷി ഓഫീസര്‍ രശ്മി എസ്. നായര്‍ പറഞ്ഞു. സപ്ലൈകോയും മില്ലുകാരുമായി ഇന്ന് ചര്‍ച്ച നടക്കുന്നുണ്ട്. ഇതിനുശേഷമേ മില്ലുകാരെ സര്‍ക്കാര്‍ അലോട്ട് ചെയ്യുകയുള്ളു. സപ്ലൈകോയുടെ പ്രതിനിധികള്‍ പാടത്ത് എത്തി സാമ്പിളുകള്‍ എടുത്തിരുന്നതായും കൃഷി ഓഫീസര്‍ അറിയിച്ചു.