പരുന്തുംപാറ ഭൂമികൈയേറ്റം: പട്ടയം ലഭിച്ചത് ജില്ല രൂപീകരിക്കും മുന്‍പെന്ന് സജിത്ത്
Friday, March 14, 2025 1:49 AM IST
തൊടുപുഴ: ഇടുക്കി ജില്ല രൂപീകൃതമാകുന്നതിനു മുമ്പ് 1960-കളില്‍ പട്ടയം ലഭിച്ച സ്ഥലമാണ് തനിക്ക് പരുന്തുംപാറയിലുള്ളതെന്ന് സജിത്ത് ജോസഫ്.
പരുന്തുംപാറയില്‍ നിരോധനാജ്ഞ ലംഘിച്ചു കൈയേറ്റ ഭൂമിയില്‍ നിര്‍മാണം നടത്തിയ സജിത് ജോസഫിനെതിരേ ക്രിമിനല്‍ കേസെടുത്ത പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാലോളം പേരുടെ ഉടമസ്ഥാവകാശം കൈമാറിയാണ് ഇതു തനിക്ക് ലഭിച്ചത്. ഭൂമിയുടെ രേഖകള്‍ കൈവശമുണ്ട്. പരുന്തുംപാറയില്‍ കളക്ടര്‍ നിര്‍മാണ നിരോധനം പുറപ്പെടുവിച്ചത് മാര്‍ച്ച് നാലിനാണ്.
എന്നാല്‍ മാര്‍ച്ച് ഒന്നിനാണ് കുരിശ് സ്ഥാപിച്ചത്. ഗ്രോട്ടോ നിര്‍മിക്കുന്നതിന്റെ ഭാഗമായായാണ് കുരിശ് സ്ഥാപിച്ചത്. സ്ഥലം ഒഴിപ്പിക്കാതിരിക്കാന്‍ കുരിശ് സ്ഥാപിച്ചതാണെന്ന വാദം ശരിയല്ല. ഏതാനും ആഴ്ചകളായി ഇതുമായി ബന്ധപ്പെട്ട നിര്‍മാണം നടന്നുവന്നിരുന്നു.
കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷം ഒരു നിര്‍മാണവും നടത്തിയിട്ടില്ലെന്നും സജിത് ജോസഫ് പറഞ്ഞു.