തലശേരി സംഭവം പോലീസിന്റെ ആത്മവീര്യംതകര്ക്കുന്നതെന്ന് പ്രതിപക്ഷനേതാവ്
Friday, March 14, 2025 1:49 AM IST
കൊച്ചി: തലശേരിയില്‍ ബിജെപി-സിപിഎം സംഘര്‍ഷവുമായി ബന്ധപ്പെട്ട് വനിത ഉള്‍പ്പെടെ രണ്ട് എസ്ഐമാര്ക്കെതിരേ നടപടി സ്വീകരിച്ച സംഭവം പോലീസിന്റെ ആത്മവീര്യം തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്.
സംഘര്‍ഷത്തില്‍ ഇടപെട്ട പോലീസിനെ സിപിഎം ക്രിമിനലുകള്‍ നിലത്തിട്ടു ചവിട്ടിക്കൂട്ടി. സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ സിപിഎം നേതാക്കള്‍ ബലമായി മോചിപ്പിച്ചു.
പിണറായി വിജയന് ആഭ്യന്തരമന്ത്രിയായി ഇരിക്കുമ്പോള്‍ പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ അതേ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിലൂടെ എന്തു നീതിയാണ് നടപ്പാക്കുന്നത്.
പോലീസിനേക്കാള്‍ വലുതാണ് സിപിഎം എന്ന സന്ദേശമാണ് പിണറായി വിജയന് നല്‍കുന്നതെന്നും വി.ഡി.സതീശന് പറഞ്ഞു.
തുഷാര്‍ ഗാന്ധിയെ ഫാസിസ്റ്റുകള്‍ തടഞ്ഞുനിര്‍ത്തി അധിക്ഷേപിച്ചത് ഏറ്റവും ക്രൂരമായ നടപടിയാണ്. ഗാന്ധിജിയെ അപമാനിക്കുന്നതിനു തുല്യമാണ്. ഗാന്ധി ഘാതകരെ ആദരിക്കുന്ന ആളുകള്‍ ഗന്ധിനിന്ദയാണ് തുഷാര്‍ ഗാന്ധിയോടു ചെയ്തത്.
ഇതിനെതിരേ സംസ്ഥാനസര്‍ക്കാരും പോലീസും ശക്തമായ നടപടി സ്വീകരിക്കണം. കേരളം പോലുള്ള സംസ്ഥാനത്തിന് അപമാനകരമായ സംഭവമാണുണ്ടായത്. കേരളത്തിന്റെ മനസ് തുഷാര്‍ ഗാന്ധിക്കൊപ്പം ഉണ്ടാകും. അദ്ദേഹത്തെ കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുപ്പിക്കുമെന്നും വി.ഡി.സതീശന് പറഞ്ഞു.