മരുന്ന് മാറിയ സംഭവം: മെഡിക്കൽ സ്റ്റോറിൽ പരിശോധന
Friday, March 14, 2025 12:04 AM IST
പഴയങ്ങാടി (കണ്ണൂർ): മരുന്നു മാറി നൽകി എട്ടു മാസം പ്രായമുള്ള കുട്ടി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ പഴയങ്ങാടി പോലീസ് കേസെടുത്തതിനു പിന്നാലെ കണ്ണൂർ ഡ്രഗ്സ് ആൻഡ് കൺട്രോൾ വിഭാഗം പരിശോധന നടത്തി.
കഴിഞ്ഞ ദിവസമാണു കുട്ടിക്കു പനിയെത്തുടർന്ന് ഡോക്ടറെ കാണിച്ച ശേഷം പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽ സ്റ്റോറിൽനിന്നു ഡോക്ടറുടെ കുറിപ്പടിയിൽ മരുന്നു വാങ്ങിയത്. എന്നാൽ ഡോക്ടർ നിർദേശിച്ച മരുന്നല്ല അവർ നൽകിയത്.
മരുന്നു കഴിച്ച കുട്ടിക്കുണ്ടായ അസ്വസ്ഥതയെത്തുടർന്ന് കുട്ടിയുമായി വീണ്ടും എത്തി പരിശോധിച്ചപ്പോഴാണ് മരുന്ന് മാറിയതായി കണ്ടെത്തിയത്.
വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ കുട്ടിക്കു കരൾസംബന്ധമായ അസുഖം കണ്ടെത്തി. തുടർന്ന് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചെറുകുന്ന് പൂങ്കാവിലെ ഇ.പി. സമീറിന്റെ എട്ടു മാസം പ്രായമുള്ള കുട്ടിയെ ശനിയാഴ്ചയാണ് പനിയെത്തുടർന്ന് പഴയങ്ങാടിയിലെ ഡോക്ടറെ കാണിച്ചത്. എന്നാൽ തീവ്രപരിചരണത്തിലുള്ള കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് പരിശോധിക്കുന്ന ഡോക്ടർമാർ പറഞ്ഞു.
കുറ്റകരമായ അനാസ്ഥയ്ക്കെതിരേയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. തുടർന്നാണ് ഡ്രഗ്സ് ആൻഡ് കൺട്രോൾ വിഭാഗം പരിശോധന നടത്തിയത്.