കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; കെ. രാധാകൃഷ്ണന് എംപിക്ക് വീണ്ടും നോട്ടീസ് നല്‍കും
Friday, March 14, 2025 1:49 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനാവശ്യപ്പെട്ട് കെ.രാധാകൃഷ്ണന് എംപിക്ക് ഇഡി വീണ്ടും നോട്ടീസ് നല്‍കും.
ഇന്നലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും എത്തിയില്ല. ഇതേത്തുടര്‍ന്നാണ് വീണ്ടും നോട്ടീസ് അയക്കുന്നത്.
കെ.രാധാകൃഷ്ണന് മുമ്പ് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. ആ കാലഘട്ടത്തിലെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. സെക്രട്ടറിയായിരുന്ന കാലത്തെ ജില്ലാ കമ്മിറ്റിയുടെ പണമിടപാടുകള്‍, പാര്‍ട്ടിയും ബാങ്കും തമ്മിലുണ്ടായിരുന്ന ബന്ധം തുടങ്ങിയവയില്‍ വിശദീകരണം നല്‍കാനാണു വിളിപ്പിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിനായി ഡല്‍ഹിയിലായിരുന്ന അദ്ദേഹം ഇന്നലെ തൃശൂരില്‍ എത്തിയിരുന്നു.
ബാങ്കിലെ സിപിഎം പാര്‍ട്ടി അക്കൗണ്ട് അടക്കമുള്ള വിവരങ്ങളില്‍ ഇഡി രാധാകൃഷ്ണനില്‍നിന്നു വ്യക്തത തേടും.